കച്ചവടം മാര്‍ക്കറ്റിന് പുറത്ത്, വഴിയും പാര്‍ക്കിങും മുടക്കിക്കൊണ്ട്
കഠിനംകുളം: 2.25 കോടി മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച മാര്‍ക്കറ്റിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ മാര്‍ക്കറ്റിന് പുറത്തെ തുറസായ സ്ഥലത്ത് കച്ചവടം നടത്തുന്നത് ദുരിതമാകുന്നു. ഇത് മാര്‍ക്കറ്റ് പരിസരം വൃത്തിഹീനമാകുന്നതോടൊപ്പം ഇവിടെ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടും മാര്‍ഗതടസവും സൃഷ്ഠിക്കുന്നു. കഠിനമായ വെയിലേറ്റ് മുഖംചുളുങ്ങിയും, മഴക്കാലത്ത് മഴ നനഞും, മാലിന്യക്കൂമ്പാരത്തില്‍ വെള്ളം കെട്ടി നിന്ന് രൂക്ഷമായ ദുര്‍ഗന്ധവും ഏറ്റുവാങ്ങി കൊണ്ട് രാവും പകലും കച്ചവടം ചെയ്തിരുന്ന ഇവിടത്തെ മത്സ്യ കച്ചവടക്കാര്‍ക്കും മറ്റും തീരദേശ വികസന കോര്‍പറേഷനാണ് കഴക്കൂട്ടത്ത് ടൈല്‍സും മാര്‍ബിളും ഗ്രാനൈറ്റുമൊക്കെ പാകിയ മാര്‍ക്കറ്റ് ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ ഇന്ന് ഈ മാര്‍ക്കറ്റ് കെട്ടിടം ശൂന്യമാണ്.
വിരലിലെണ്ണാവുന്ന ചില പാവം കച്ചവടക്കാരാണ് ഇതിനകത്ത് കച്ചവടം ന്നടത്തുന്നത്. കൈയൂക്കും ഗുണ്ടായിസവും കൈമുതലായുള്ളവര്‍ മാര്‍ക്കറ്റ് റോഡിന് മുന്നിലുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്താണ് കച്ചവടം. മത്സ്യ കച്ചവടക്കാരായ സ്ത്രീകളാണ് ഭൂരിഭാഗവും. ഇവരേ സഹായിക്കാന്‍ പുറത്ത് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് മിണ്ടിയാല്‍ തെറിയഭിഷേകമായിരിക്കും മറുപടി. നാട്ടുകാര്‍ സംഘടിച്ച് കൊണ്ട് ഇതിനെതിരെ വന്നിട്ടും പൊലിസ് ശ്രമിച്ചിട്ടും ഫലംകാണാത്ത അവസ്ഥയാണ്. മത്സ്യങ്ങളുടെയും അതേപോലെ മറ്റ് സാധനങ്ങളുടെയും അവശിഷ്ടടങ്ങളും മാലിന്യവും പോകാനായി മാര്‍ക്കറ്റിനുള്ളിലെ കെട്ടിടത്തില്‍ വന്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താതെ മാര്‍ക്കറ്റിന് പുറത്തിരുന്ന് കച്ചവടം നടത്തി മാലിന്യങ്ങള്‍ അവിടെ തന്നെ തള്ളുന്നതും മാര്‍ക്കറ്റും പരിസരവും വൃത്തിഹീനമായിരിക്കുകയാണ്. ഒപ്പം ദുര്‍ഗന്ധവും തുടങ്ങിയിട്ടുണ്ട്.
കാറ്റുകൊള്ളാന്‍ ഫാനും കഴുകിവൃത്തിയാക്കാന്‍ പൈപ്പും വെള്ളവും പിന്നെ വാഷ് ബെയിസിനും സജ്ജീകരിച്ചിട്ടുള്ള മാര്‍ക്കറ്റിനകം കച്ചവടക്കാര്‍ ഉപയോഗപ്പെടുത്താതെ പുഴുക്കള്‍ നുരയിട്ടും, മൂക്ക് തുളച്ച് കയറുന്ന ദുര്‍ഗന്ധവും ഉണ്ടായിരുന്ന പഴയ അവസ്ഥയിലെത്തിക്കാനാണ് ഇവരുടെ നീക്കം. ഒരുകാലത്ത് ഈ മാര്‍ക്കറ്റിലേക്ക് കാലെടുത്ത് കുത്താന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷം മുന്‍പ് മാര്‍ക്കറ്റിന്റെ മുഖച്ഛായ മാറിയതോടെ മത്സ്യവും പച്ചക്കറിയും വാങ്ങാനെത്തുന്നവരായ ടെക്കികളുടെയും അല്ലാത്തവരായ വിവിധ സ്ഥലങ്ങളിലുള്ളവരുടെയും തിരക്ക് ഈ ഹൈടെക്ക് മാര്‍ക്കറ്റില്‍ ഓരോദിവസവും വര്‍ധിച്ച് വരുകയായിരുന്നു. ഇന്നത് വീണ്ടും പഴയ രീതിയിലേക്ക് പോകുന്ന അവസ്ഥയാണ്. നൂറോളം മത്സ്യക്കച്ചവടക്കാരും അമ്പതോളം പച്ചക്കറി കച്ചവടക്കാരും അമ്പതോളം ഇതര കച്ചവടക്കാരുമുള്‍പ്പെടെ വലിയൊരു നിരയാണ് ഈ മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്നത്. നഗരസഭയും മറ്റ് അധികാരികളും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ച് ഈ ഹൈടെക് മാര്‍ക്കറ്റിനെ രക്ഷിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."