തൊണ്ടയില്‍ മീന്‍മുള്ളുമായി ഈ കുട്ടി നടന്നത് രണ്ടു മാസം; ഒടുവില്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: 2 മാസത്തിനു മുമ്പ് തൊണ്ടയില്‍ തറച്ച മുള്ള് ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തപ്പോള്‍ മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് ആശ്വാസത്തിന്റെ നിശ്വാസം. കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകള്‍ ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ മുള്ളാണ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറെത്തടുത്തത്.
ശ്വാസംമുട്ടല്‍, ശ്വസിക്കുമ്പോള്‍ ശബ്ദം എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് ആരുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്‌നമെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍.
ദീര്‍ഘനാളത്തെ ചികിത്സ ഫലംകാണാതാകുകയും നെഞ്ചിന്റെ ഭാഗത്തു നീരുണ്ടാകുകയും ചെയ്തു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രശസ്തമായ മിക്ക ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള അവസാന അടവ് എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരുവനന്തപുരം എസ്.എ.ടിയില്‍ എത്തിയത്. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ശ്വാസോഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി. എക്‌സ്‌റേ പരിശോധനയില്‍ ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിട്ടുണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലേക്ക് ഡോക്ടര്‍മാര്‍ കടക്കുകയായിരുന്നു.
കഴിഞ്ഞ 17-ാം തിയതി കുട്ടിക്ക് ബ്രോങ്കോസ്‌കോപ്പി നടത്തിയപ്പോഴാണ് മീന്‍മുള്ളാണ് തൊണ്ടയില്‍ തറച്ചിരിക്കുന്നത് എന്നറിഞ്ഞത്. വിശദമായ ചികിത്സയ്ക്കുശേഷം ഡോക്ടര്‍മാര്‍ കുട്ടിയെ സാധാരണ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."