ഹജ്ജ് സീസണ് വിസാ ഫീസില്‍ 1000 റിയാലിന്റെ ഇളവ് വരുത്തുമെന്ന് സഊദി മന്ത്രിസഭ
റിയാദ്: ഹജ്ജ് സീസണ് വിസയില്‍ എത്തുന്നവരുടെ വിസാ ഫീസില്‍ ആയിരം റിയാലിന്റെ ഇളവ് വരുത്താന്‍ സഊദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍ സലാമ രാജ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇനിയും സഊദിയില്‍ എത്തിയിട്ടില്ലാത്ത വിദേശ രാജ്യങ്ങളുടെ ഹജ്ജ് മിഷന് കമ്മിറ്റി അംഗങ്ങളുടെ വിസ ഫീസ് ഈടാക്കേണ്ടതില്ലെന്നും മന്ത്രി സഭാ യോഗം തീരുമാനിച്ചു. സീസണ് വിസ ഫീസില്‍ ഇളവ് നല്‍കിയത് വിദേശ ഹജ്ജ് മിഷനുകള്‍ക്കും ഹജ്ജ് സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്ക്കുംഏറെ ആശ്വാസം നല്‍കുന്നതാണ് മന്ത്രി സഭാ തീരുമാനം.
സാമ്പത്തിക വികസന സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പാരിശോധിച്ചാണ് ഹജ്ജ് കാര്യ കമ്മിറ്റി ഓഫിസ് അംഗങ്ങളുടെ വിസ ഫീസിളവില്‍ തീരുമാനമെടുത്തത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളെയാണ് ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ സീസണ് വിസകളില്‍ കൊണ്ട് വരുന്നത്. ഹജ്ജ് യാത്രാ രംഗത്തു പ്രവര്‍ത്തിക്കുന്ന ബസ്സ് സര്‍വ്വീസ് കമ്പനികള്‍ മാത്രം കാല് ലക്ഷത്തോളം വിദേശ ഡ്രൈവര്‍മാരെയാണ് റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."