മെഡിക്കല്‍ കോഴ: സതീഷ് നായര്‍ വിജിലന്‍സിന് മൊഴിനല്‍കി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ സതീഷ് നായര്‍ വിജിലന്‍സിന് മൊഴിനല്‍കി. കോഴ ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നാണ് മൊഴിയിലുള്ളത്. കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിക്കാന്‍ വേണ്ടിയാണ് വര്‍ക്കലയിലെ എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയെ സമീപിച്ചത്. ഷാജിയുമായി കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രാദേശികമായി ബന്ധമില്ലാത്തതിനാലാണ് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ സഹായിയായി നിയമിച്ചത്. ബി.ജെ.പി നേതാവ് എന്ന നിലയിലല്ല വിനോദിനെ ചുമതലപ്പെടുത്തിയത്. മറ്റേതെങ്കിലും പാര്‍ട്ടിക്കാരനായാലും അദ്ദേഹത്തെ സഹായിയായി നിയമിക്കുമായിരുന്നു. തനിക്ക് രാഷ്ട്രീയക്കാരുമായി വഴിവിട്ട ബന്ധമില്ല. കണ്‍സള്‍ട്ടന്‍സി ചാര്‍ജായ 50 ലക്ഷം രൂപയില്‍ എഴുതി തയാറാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 25 ലക്ഷം രൂപ മാത്രമേ കൈപ്പറ്റിയിട്ടുള്ളൂ. പിന്നീട് കോളജിന് അനുമതി ലഭിക്കാതെ വന്നപ്പോള്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജിയുമായി അഭിപ്രായവ്യത്യാസമുണ്ടായി. അനുമതി വാങ്ങിനല്‍കാന്‍ 5.50 കോടി വാങ്ങിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും സതീഷ് നായര്‍ മൊഴി നല്‍കി.
ഷാജിയില്‍നിന്ന് ആര്‍.എസ് വിനോദ് 5.50 കോടി കൈപ്പറ്റിയെന്നും ഇത് ഹവാലമാര്‍ഗം ഡല്‍ഹിയിലേക്ക് കടത്തിയെന്നുമാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നത്. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരേയും നടപടിയെടുത്തു. എന്നാല്‍, ഇത്തരത്തിലൊരു റിപ്പോര്‍ട്ട് അന്വേഷണ കമ്മിഷന്‍ നല്‍കിയിട്ടില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ വിജിലന്‍സ് മുന്‍പാകെ മൊഴി നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ ശ്രീശനും എ.കെ നസീറും വിജിലന്‍സ് മുന്‍പാകെ നേരത്തേ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."