തോമസ് ചാണ്ടിക്കെതിരായ ആരോപണം നിയമസഭാ സമിതി അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഇറങ്ങിപ്പോക്കിനു മുന്നോടിയായുള്ള പ്രസംഗത്തിനിടെയാണ് ചെന്നിത്തല ഈ ആവശ്യമുന്നയിച്ചത്.
എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നും കൈയേറ്റം ബോധ്യപ്പെട്ടാല്‍ താന്‍ രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പെട്ട നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാണോയെന്ന ചെന്നിത്തലയുടെ ചോദ്യത്തിനു മന്ത്രി മറുപടി പറഞ്ഞില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കും എതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് പൊതുജനങ്ങളെ നിജസ്ഥിതി അറിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. പ്രതിപക്ഷാംഗങ്ങള്‍ മാത്രമുള്ള സമിതിയാണ് അന്വേഷിക്കുന്നതെങ്കില്‍ കണ്ടെത്തലുകള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണമുയരും. അതിനാല്‍ എല്ലാ കക്ഷികളുടെയും അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി തന്നെ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."