ലാവ്‌ലിന്‍: പാര്‍ട്ടിയെ വേട്ടയാടാന്‍ തന്നെ കരുവാക്കിയെന്ന് പിണറായി
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എമ്മിനെ വേട്ടയാടാന്‍ തന്നെ കരുവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച കെ.സി ജോസഫ് ലാവ്‌ലിന്‍ വിധിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തന്നെ വേട്ടയാടുകയായിരുന്നു. ലാവ്‌ലിന്‍ കരാറില്‍ അഴിമതി നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ട് ഗൂഢാലോചനക്ക് കളമൊരുക്കി. അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ് തുടര്‍ന്നങ്ങോട്ട് നടന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് യു.പി.എ സര്‍ക്കാറിനെ ഉപയോഗിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇടതുപക്ഷം യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചതിലുള്ള പ്രതികാരമായിരുന്നു അത്.
ലാവ്‌ലിന്‍ കേസില്‍ മൂലകരാറിലേക്ക് കടന്നാല്‍ എവിടെ എത്തുമെന്ന് പ്രതിപക്ഷത്തിന് അറിയാമെന്നതിനാല്‍ താന്‍ പറയുന്നില്ല. കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതി മൂന്നുപേരെ നിലനിര്‍ത്തി. മൂലകരാറുമായി ബന്ധപ്പെട്ടതിനാലാണ് അന്ന് കെ.എസ്.ഇ.ബിയുടെ തലപ്പത്തുണ്ടായിരുന്നവരെ കോടതി നിലനിര്‍ത്തിയത്.
കേസുമായി മുന്നോട്ടുപോയാല്‍ കുടുങ്ങുമെന്ന് ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ഇന്ന് നിയമസഭയിലില്ലാത്ത മുന്‍മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അധികാരം ലഭിച്ചപ്പോള്‍ തന്നെ കുടുക്കാന്‍ നോക്കി.
തങ്ങളാണ് മൂലകരാര്‍ ഉണ്ടാക്കിയതെന്ന് അവര്‍ മറന്നു. അവരെ ഉപദേശിച്ചവര്‍ പിണറായി വിജയനെ പ്രതിയാക്കണമെന്ന് പറഞ്ഞു. ആ ഉപദേശം സ്വീകരിച്ചാല്‍ തങ്ങള്‍ പ്രതികളാകുമെന്ന് അവര്‍ മനസിലാക്കേണ്ടിയിരുന്നു.
രണ്ടു വര്‍ഷം മാത്രമാണ് താന്‍ വൈദ്യുതി മന്ത്രിയായിരുന്നത്. അതുവരെ ഒരു ദുഷ്‌പേരും സമ്പാദിച്ചിട്ടില്ല. ചുമതലയൊഴിയുമ്പോള്‍ വമ്പിച്ച യാത്രയയപ്പാണ് ലഭിച്ചത്. ആരോപണമുയര്‍ന്നപ്പോഴും വിധി വന്നപ്പോഴും യാതൊരു തരത്തിലുള്ള ആശങ്കയും തനിക്കുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."