കുറ്റം ചെയ്യാതെ അനുഭവിച്ചത് 21 കൊല്ലത്തെ ജയില്‍ ശിക്ഷ; ഒടുവില്‍ മോചനം, നഷ്ടപരിഹാരമായി 21 കോടിയും
വാഷിങ്ടണ്‍: ജീവിതത്തിലെ മനോഹരമായ 21 വര്‍ഷങ്ങളാണ് ആ ദമ്പതികള്‍ക്ക് ജയിലറയുടെ ഇരുണ്ട അഴിക്കുള്ളില്‍ നഷ്ടമായത്. പിന്നീട് മോചിതരായി. അതിനും നാലു വര്‍ഷം കഴിഞ്ഞാണ് ഇവര്‍ നിരപരാധികളെന്ന കോടതി വിധി പുറത്തെത്തിയത്.
അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലറുമാണ് ഈ ദുരന്തത്തിന്റെ ഇരകള്‍. ഇവര്‍ക്ക് നഷ്ടപരിഹാരമായി 3.4 മില്യണ്‍ ഡോളര്‍ ഏകദേശം 21 കോടിയോളം ഇന്ത്യന്‍ രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒരു കുഞ്ഞു മനസ്സില്‍ വിരിഞ്ഞ ഭാവനാ ലോകമാണ് ഇവര്‍ക്ക് ഈ ശിക്ഷ വാങ്ങി നല്‍കിയത്. ഡേ കെയര്‍ നടത്തിപ്പുകാരായിരുന്നു ഇരുവരും.
സാത്താന്‍ ആരാധനയുടെ ഭാഗമായി ഡേ കെയറിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഇരുവര്‍ക്കും എതിരെയുള്ള കേസ്. 1992ലായിരുന്നു ഇവര്‍ ജയിലില്‍ ആയത്. എന്നാല്‍ പിന്നീടു നടന്ന അന്വേഷണത്തില്‍ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.
പെരുമാറ്റവൈകല്യമുള്ള ഒരു മൂന്നുവയസ്സുകാരിയാണ് ദമ്പതികള്‍ക്കെതിരെ ആദ്യം ആരോപണമുയര്‍ത്തിയത്. തുടര്‍ന്ന് ഡേ കെയര്‍ സെന്റര്‍ അടച്ചുപൂട്ടി. സംഭവം ചര്‍ച്ചാ വിഷയമായതോടെ ദമ്പതികള്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി പലരും രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു അന്വേഷണത്തില്‍ തെളിയുകയായിരുന്നു. പലതും കുട്ടികളുടെ ഭാവനാസൃഷ്ടിയാണെന്നും തെളിയിക്കപ്പെട്ടു.
2013 ല്‍ ജയില്‍ മോചിതരായെങ്കിലും ഇരുവരും നിരപരാധികളാണെന്ന വിധി ഇക്കഴിഞ്ഞ ജൂണിലാണ് പുറത്തെത്തിയത്. നഷ്ടപരിഹാരത്തുക ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാന്‍ പറഞ്ഞു. ജയില്‍ മോചിതരായ ശേഷം കടുത്തദാരിദ്ര്യത്തിലായിരുന്നു ജീവിതമെന്നും ക്രിമിനല്‍ പശ്ചാത്തലത്തിന്റെ രേഖകള്‍ ഉള്ളതിനാല്‍ ജോലികളും ലഭിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."