വ്യക്തി എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല- പരോക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: ജനങ്ങള്‍ എന്താണ് തിന്നേണ്ടതെന്നും ധരിക്കേണ്ടതെന്നും തീരുമാനിക്കേണ്ടത് സര്‍ക്കാരുകളല്ലെന്ന് സുപ്രിം കോടതി. ഒമ്പതംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജസ്റ്റി ചെലമേശ്വറാണ് രാജ്യത്ത് നിലവില്‍ കത്തിനില്‍ക്കുന്ന ബീഫ് അടക്കമുള്ള വിഷയങ്ങള്‍ക്കു നേരെയുള്ള പരോക്ഷ വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ ദിവസം വന്ന സുപ്രിം കോടതി ചരിത്രവിധിയുടെ വിധിന്യായത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇത്തരം കാര്യങ്ങളില്‍ കൈകടത്തുന്നത് ഒരാളുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ചിലസംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിരുന്നു. ചിലയിടങ്ങലില്‍ ജീന്‍സ് മിനി സ്‌കര്‍ട്ട് തുടങ്ങിയ വേഷങ്ങല്‍ ധരിക്കുന്നതും നിരോധിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഏതെങ്കിലും വീട്ടുകാര്‍ തങ്ങളുടെ വീടുകളില്‍ സമ്മതം കൂടാതെ ആരെങ്കിലും, ഉദ്യോഗസ്ഥരോ പട്ടാളക്കാരോ ആവട്ടെ അതിക്രമിച്ചു കയറുന്നത് ഇഷ്ടപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കില്‍ ജീവിക്കണം എന്നിവയെല്ലാം നിര്‍ദേശിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയില്‍ പെടുന്നതാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.
നിരാഹാര സമരം രാജ്യത്ത് ആര്‍ക്കും അറിയാത്ത സമരമാര്‍ഗമല്ല. പക്ഷെ ഇത്തരക്കാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതും സാധാരണ സംഭവം തന്നെ. നിലവിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം സമര രീതിയും സ്വകാര്യതയില്‍ പെടും. ആധാര്‍ അടക്കമുള്ള കാര്യങ്ങള്‍ വിധിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ചെലമേശ്വര്‍ പറഞ്ഞു.
ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോ എന്നത് ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ പെടുമെന്നും അദ്ദേഹം വിധിന്യായത്തില്‍ എഴുതി.
സ്വജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയില്‍ വരുമെന്ന് വിധിയിലുണ്ട്. ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ ഉപേക്ഷിക്കുന്നതും സ്വകാര്യതയില്‍ വരുന്നതാണ്. പൗരന്റെ ശരീരത്തില്‍ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് വന്നതെന്നും 44 പേജുള്ള വിധി പ്രസ്താവം വായിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."