വ്യാജ സര്‍ട്ടിഫിക്കറ്റ്: ഏഴു മലയാളി നഴ്‌സുമാര്‍ സഊദിയില്‍ പിടിയില്‍
റിയാദ്: തൊഴില്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴു മലയാളി നഴ്‌സുമാര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ നാല് പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെയാണ് ക്രമിനല്‍ കുറ്റം ചുമത്തി പിടിച്ചത്.
ജോലിക്ക് കയറിയ ശേഷം ആറീജിയ മന്ത്രാലയം നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും ഉണ്ട്. ഇവര്‍ ജയിലിലായതായാണ് വിവരം. പിടിയിലായവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആശുപത്രി ജോലികള്‍ക്ക് വിസകള്‍ ശരിയാക്കി നല്‍കുന്ന ഏജന്റുമാര്‍ നടത്തിയ ക്രമക്കേടാണ് നിരപരാധികളായ ഉദ്യോഗാര്‍ത്ഥികള്‍ പിടിക്കപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. സഊദി ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയം വേണമെന്നാണ് നിബന്ധന. എന്നാല്‍ ഇത് മറികടക്കാനായി ഏജന്റുമാര്‍ മുഖേനയാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി സസൂക്ഷ്മ സംവിധാനമാണ് സഊദി തൊഴില്‍, മന്ത്രാലയങ്ങള്‍ തുടരുന്നത്. അതിനാല്‍ തന്നെ വാജമാണെന്നു കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് ഇത്തരത്തില്‍ സമര്‍പ്പിക്കുന്നവര്‍ പിടിക്കപ്പെടാന്‍ കാരണം.
സഊദിയില്‍ ആരോഗ്യ മേഖലയില്‍ 2005 ന് ശേഷം വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു.ഇതിലാണ് പലരും സംശയത്തിന്റെ നിഴലില്‍ ഉള്‍പ്പെട്ടത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേരാണ് ആശങ്കയിലായത്. പിടിക്കപ്പെടുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലടക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."