പാവങ്ങളെ തെരുവില്‍ എറിയുന്ന പലിശപ്പിശാച്
കേരളം പലതരം കോടതിവിധികളുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കഴിഞ്ഞദിവസമുണ്ടായ ഒരു സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഏഴുവര്‍ഷംമുമ്പ് ഒരു ഹൗസിങ് സഹകരണ സൊസൈറ്റിയില്‍നിന്ന് എടുത്ത ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചതിന്റെ പേരില്‍ വൃദ്ധരും രോഗികളുമായ ദമ്പതികളടക്കമുള്ള ദരിദ്രകുടുംബത്തെ അവരുടെ കൊച്ചുവീട്ടില്‍നിന്നു വീടു ലേലത്തില്‍ വാങ്ങിയയാളും പൊലിസും ചേര്‍ന്നു ബലംപ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു.
കുടുംബാംഗങ്ങളായ സ്‌കൂള്‍വിദ്യാര്‍ഥികളെ യൂനിഫോം മാറ്റാന്‍പോലും അനുവദിക്കാതെയാണ് ഈ കടുംകൈ ചെയ്തത്. സംഭവം മാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മനുഷ്യാവകാശകമ്മിഷനുമൊക്കെ ഇടപെട്ടു. അവരെ വീട്ടില്‍തന്നെ താമസിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വീടു പൂട്ടി മുദ്രവച്ചതു തല്ലിത്തകര്‍ത്ത് അവരെ വീട്ടില്‍ തിരിച്ചെത്തിച്ചെങ്കിലും ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥയിലാണ് ആ കുടുംബം.
1000 ചതുരശ്ര അടിയില്‍ കുറഞ്ഞ കിടപ്പാടമുള്ളവരുടെ വീടും വസ്തുവും വായ്പയുടെ പേരില്‍ ജപ്തിചെയ്യില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഈ ക്രൂരത അരങ്ങേറിയത്. ആകെയുള്ള രണ്ടുസെന്റ് സ്ഥലം ഈടുവച്ചാണു വായ്പയെടുത്തതെന്ന് അറിയുമ്പോള്‍തന്നെ എത്രമാത്രം പാവപ്പെട്ട കുടുംബമാണ് അതെന്നു വ്യക്തമാകും. ഏഴുവര്‍ഷം മുമ്പെടുത്ത വായ്പ ഇപ്പോള്‍ മുതലും പലിശയുമടക്കം 2,70,000 രൂപയായി മാറിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ രോഗാവസ്ഥമൂലം അതു തിരിച്ചടയ്ക്കാനാവാതെ വന്നതിനാലാണു സൊസൈറ്റി അധികൃതര്‍ വസ്തു ലേലംചെയ്തതും തുടര്‍ന്ന് ജപ്തി നടപടി നടന്നതും. ദരിദ്രാവസ്ഥ മൂലം ഗത്യന്തരമില്ലാതെ വായ്പയ്ക്കായി ധനകാര്യസ്ഥാപനങ്ങളെ സമീപിക്കുന്നവര്‍ക്കു നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ഒന്നുമാത്രമാണു തൃപ്പൂണിത്തുറയില്‍ അരങ്ങേറിയത്. അതും സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു സഹകരണസ്ഥാപനത്തില്‍ നിന്നാണു മനുഷ്യത്വരഹിതമായ ഈ നീക്കമുണ്ടായത്. എന്നാല്‍, കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഇതിനേക്കാള്‍ കടുത്ത ക്രൂരതകളാണു നാട്ടിലെ പാവപ്പെട്ടവര്‍ അനുഭവിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ വട്ടിപ്പലിശക്കാര്‍ മുതല്‍ കോര്‍പറേറ്റ് ധനകാര്യസ്ഥാപനങ്ങള്‍ വരെ ഇടപാടുകാരില്‍നിന്നു ഗുണ്ടായിസമുള്‍പ്പെടെയുള്ള ക്രൂരമായ മാര്‍ഗങ്ങളിലൂടെയാണു മുതലും പലിശയും ഈടാക്കുന്നത്.
ആകര്‍ഷകമായ പരസ്യങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പണത്തിന് അത്യാവശ്യമില്ലാത്തവരെക്കൊണ്ടുപോലും വായ്പയെടുപ്പിക്കുന്ന കോര്‍പറേറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കു തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ പണം ഈടാക്കാന്‍ നിയമവിരുദ്ധമായ സംവിധാനങ്ങളുണ്ട്. 'ഹാര്‍ഡ് കലക്ഷന്‍ ടീം' എന്നൊക്കെ പേരുള്ള കോട്ടും ടൈയും ധരിച്ച ക്വട്ടേഷന്‍ സംഘങ്ങളാണു പലപ്പോഴും ഇവര്‍ക്കുവേണ്ടി കിട്ടാക്കടം ഈടാക്കാന്‍ എത്തുന്നത്. ഇത്തരം ഗുണ്ടാസംഘങ്ങളുടെ ആക്രമണവും ഭീഷണിയുംമൂലം നിരവധി ആത്മഹത്യകള്‍ സംസ്ഥാനത്തു നടന്നിട്ടുണ്ട്.
ബ്ലേഡ് മാഫിയക്കു തടയിടാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയുടെ ഫലമായി നിയമവിരുദ്ധ ബ്ലേഡ് ഇടപാടുസംഘങ്ങള്‍ വലിയൊരളവോളം മാളങ്ങളിലൊളിച്ചിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതു നിര്‍ത്തലാക്കി. പകരം ഒരു ബ്ലേഡ് ഇടപാടുവിരുദ്ധ ഓപ്പറേഷന്‍ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ടെങ്കിലും അത് ഇതുവരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്തു ബ്ലേഡ് മാഫിയ സംസ്ഥാനത്തു സൈ്വരവിഹാരം നടത്തുന്നതായി വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
പാവപ്പെട്ടവരുടെ സ്വത്തും ജീവനും കവരുന്ന പലിശപ്പിശാചിനെ അടിച്ചൊതുക്കാന്‍ ഇത്തരം ഓപ്പറേഷനുകള്‍ മാത്രം മതിയാവില്ല. ദരിദ്രജനവിഭാഗങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മിതമായ പലിശയ്‌ക്കോ സര്‍ക്കാര്‍ സബ്‌സിഡിയോടെ പലിശരഹിതമായോ വായ്പ ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് ഇതിനു പരിഹാരം. വോട്ട്ബാങ്ക് താല്‍പര്യങ്ങളോടെ ഭരിക്കുന്ന പാര്‍ട്ടികള്‍ ഏതെങ്കിലും പ്രദേശങ്ങളുടെ പരിമിതികളില്‍ സ്ഥാപിക്കുന്ന പലിശരഹിതബാങ്കുകള്‍ പോലും ഈ പ്രശ്‌നത്തിനു പരിഹാരമാവില്ല. സര്‍ക്കാര്‍തലത്തില്‍ തന്നെ സമഗ്രവും കുറ്റമറ്റതുമായ പദ്ധതി ഇതിന് ഉണ്ടാക്കേണ്ടതുണ്ട്. അതുണ്ടാവുന്നില്ലെങ്കില്‍ തുടര്‍ന്നും പലിശപ്പിശാചു നാട്ടില്‍ താണ്ഡവമാടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."