തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം; ആറുവര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആക്ഷേപം
കുട്ടനാട്: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തിയെന്ന വില്ലേജ് ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ അധികൃതര്‍ പൂഴ്ത്തിയതായി ആരോപണം. സര്‍ക്കാര്‍ മിച്ചഭൂമിയും 8.5 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും ഉള്‍പ്പടെ പതിനെട്ട് സെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആറ് വര്‍ഷം മുന്‍പ് വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ കുട്ടനാട് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ തുടര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
നികത്തിയിട്ടുള്ള വസ്തുക്കളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡ്രഡ്ജിങ് നടത്തിയാണ് നികത്തിയതെന്നും 2011 ജൂലൈ മാസം മാര്‍ത്താണ്ഡം കായലുള്‍പ്പെടുന്ന കൈനകരി വടക്ക് വില്ലേജ് ഓഫിസര്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. റവന്യൂരേഖകള്‍ പ്രകാരം ഈ രണ്ട് സ്ഥലങ്ങളുടെയും ഇടയ്ക്ക് ഒന്നര മീറ്ററില്‍ സര്‍ക്കാര്‍ തണ്ടപ്പേരില്‍ ഒരു വഴിയുണ്ട്. ഈ വഴിയും കൈയേറി നികത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍പതിലേറെ കര്‍ഷകരുടെ പക്കല്‍നിന്ന് വാങ്ങി നികത്തിയതിനൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിച്ചഭൂമിയും കൈയേറിയെന്നായിരുന്നു കണ്ടെത്തല്‍. നികത്തിയ ഭൂമിയും വഴിയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നതിനും തെളിവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."