വിശ്വാസത്തിന്റെ 'ആള്‍മറ' തീര്‍ത്ത് കരുത്തരായ ആള്‍ദൈവങ്ങള്‍
ന്യൂഡല്‍ഹി:വിശ്വാസവും കറകളഞ്ഞ ഭക്തിയും ഇരുമ്പുമറയായി മാറിയപ്പോള്‍ ആ കോട്ടക്കകത്തിരുന്നാണ് ദേര സച്ച സൗദയടക്കമുള്ള വിവിധ ആശ്രമസംഘടനയുടെ നേതാക്കള്‍ സ്വയം ദൈവങ്ങളായി അവരോധിക്കപ്പെട്ടത്. സ്വാധീനവും പണവും കുന്നുകൂടിയതോടെ അനുയായികള്‍ ചാവേറുകളായി രംഗത്തെത്തി. എന്നും ചുറ്റും അണിനിരക്കാന്‍ അനുയായികളെ വലയില്‍ കുരുക്കിയിട്ടതോടെ അധാര്‍മിക മാര്‍ഗങ്ങളിലേക്കാണ് ആള്‍ദൈവങ്ങളും അവരുടെ ആശ്രമങ്ങളും നീങ്ങിയത്.
ഹരിയാന വൈദ്യുതി വകുപ്പില്‍ ജോലിക്കാരാനായിരുന്ന റാംപാല്‍ ആണ് ഇന്ത്യയിലെ ആള്‍ദൈവങ്ങളില്‍ ഒരാള്‍. ആശ്രമത്തിന്റെ മറവില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി സമയം ചെലവഴിച്ചതോടെ അധാര്‍മിക പ്രവൃത്തികളുടെ കേന്ദ്രമായി ഇയാളുടെ ആശ്രമം മാറി. റോഹ്തക് ജില്ലക്കാരനായ അദ്ദേഹം ഹിസാറില്‍ 1000 ഏക്കര്‍ വരുന്ന ഭൂമിയില്‍ ആശ്രമ സമുച്ചയം പടുത്തുയര്‍ത്തി. താന്‍ പറയുന്നതാണ് നിയമമെന്ന് സ്വയം പ്രഖ്യാപിച്ച ഇയാള്‍ തന്നെ എതിര്‍ക്കുന്നവരെ രക്തത്തില്‍ മുക്കി. നിത്യവും പാലില്‍ കുളിച്ചിരുന്ന ഇയാള്‍ 2014 മുതല്‍ ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്. കൊലപാതകം ഉള്‍പ്പെടെ 30 കേസുകളില്‍ പ്രതിയാണ്. ഹരിയാനയിലെ മറ്റൊരു സര്‍ക്കാരായിട്ടാണ് ഇയാളുടെ ആശ്രമം അറിയപ്പെടുന്നത്.
1951ല്‍ ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ധനാന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇയാള്‍ക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുണ്ട്. ഹരിയാന വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായിരുന്നു.
കബീര്‍ പാന്ഥി അധ്യക്ഷന്‍ സ്വാമി റാംദേവാനന്ദിന്റെ അനുയായി ആയിരുന്ന ഇയാള്‍ 1999ലാണ് ആശ്രമം സ്ഥാപിച്ചത്. 4000ത്തോളം വരുന്ന കമാന്‍ഡോകളാണ് ആശ്രമത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. ഈ കമാന്‍ഡോക്ക് നല്‍കിയിരുന്ന പേരായിരുന്നു രാഷ്ട്രീയ സമാജ് സേ സമിതി(ആര്‍.എസ്.എസ്). പല അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രതികളുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ആശ്രമം. കൊലപാതക കേസില്‍ റാംപാലിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലിസിനെ കമാന്‍ഡോകള്‍ തുരത്തിയോടിച്ചു. പിന്നീട് സൈന്യത്തിന്റെ സഹായത്തോടെയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലക്കാരിയായ സുഖ്വിന്ദര്‍ കൗര്‍ ഇന്ന് അറിയപ്പെടുന്നത് രാധേമാ എന്ന പേരിലാണ്. തയ്യല്‍ക്കാരിയായിരുന്ന ഇവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തന മണ്ഡലം മുംബൈയിലേക്ക് മാറ്റി. സ്ത്രീധന പീഡനത്തിന് ഒരു യുവതി നല്‍കിയ പരാതിയോടെയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആടിപ്പാടുന്നതിലും ഡാന്‍സ് കളിക്കുന്നതിലും മുന്നിട്ടുനില്‍ക്കുന്ന അവര്‍ സ്ത്രീധനം വാങ്ങിക്കാന്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് നിര്‍ബന്ധിച്ചുവെന്നതാണ് കേസിന് ആസ്പദമായത്.
ആള്‍ദൈവങ്ങളില്‍ ശ്രദ്ധേയനായ മറ്റൊരാളാണ് ചിത്രകൂടം സ്വാമി. ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് എന്നാണ് ഇയാളുടെ യഥാര്‍ഥപേര്. രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരുമാണ് ഇയാളുടെ പ്രധാന അനുയായികള്‍. ആശ്രമം കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്നുവെന്ന പരാതിയാണ് ഇയാളെയും അഴിക്കുള്ളിലെത്തിച്ചത്.
മറ്റൊരു വിവാദ നായകനാണ് അസാറാം ബാപ്പു. 76കാരനായ ബാപ്പുവിനെ 2013ല്‍ 16കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചീത്ത ആത്മാക്കളെ കുട്ടിയുടെ ശരീരത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നാണ് പീഡനത്തെ ബാപ്പു ന്യായീകരിച്ചത്. ഇന്നും ഒട്ടേറെ രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനാണ് ഈ വിവാദ നായകന്‍. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് ഇയാളുടെ ആശ്രമം. ഇന്ത്യയിലും വിദേശത്തുമായി ഗുരുകുലങ്ങളും ആശ്രമങ്ങളും ഇയാള്‍ക്കുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കളാണ് ഇയാളുടെ പേരിലുള്ളത്.
കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്വാമി നിത്യാനന്ദയുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തായത് ഒരു സിനിമാ താരത്തെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. ഡല്‍ഹിയിലെ സ്വാമി സദാചാരിയാണ് മറ്റൊരു വിവാദ നായകന്‍. തന്റെ ആശ്രമം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. മറ്റൊരു വിവാദ നായകനാണ് ജയ് ഗുരുദേവ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പുനരവതാരമാണ് താനെന്നാണ് ഇയാള്‍ സ്വയം പ്രഖ്യാപിച്ചത്. അലിഗഡിലെ ചിരാലി ഗ്രാമത്തില്‍ ഗുരു ഖുരേലാലിന്റെ അനുയായിയായാണ് ഇയാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. തന്റെ 78ാം ജന്മദിനത്തിലാണ് ഗുരു ജയദേവ് എന്ന പേര് സ്വീകരിച്ചത്. പണവും പ്രശസ്തിയും വ്യാപിച്ചതോടെ സമൂഹത്തിലെ ഉന്നതരും ഇയാളുടെ കീഴിലായി. 4000 കോടിയിലധികം രൂപയുടെ സമ്പാദ്യങ്ങളാണ് ഇയാള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."