വിശ്വാസ സാഗരമായി മക്ക: ജുമുഅക്ക് ഹറം പള്ളി ജനനിബിഡം
മക്ക: ലോക രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരില്‍ 90 ശതമാനത്തിലധികവും പുണ്യഭൂമിയിലെത്തി. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇന്നലെ ജുമുഅ നിസ്‌കാരത്തിന് വിശ്വാസികള്‍ നിറഞ്ഞു. ഹറമിന്റെ അകവും പുറവും തട്ടുകളും നടപ്പാതകളും ഉള്‍പ്പെടെ എല്ലാ വഴികളുമാണ് തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞത്. ഹറം പള്ളി നിറഞ്ഞ് കവിഞ്ഞ് ആയിരങ്ങള്‍ റോഡുകളിലും പുറത്തുമാണ് നിസ്‌കാരം നിര്‍വഹിച്ചത്. സമീപത്തെ കെട്ടിടങ്ങളിലും നിസ്‌കാരം നടന്നു. മക്കയില്‍ ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആലു ത്വാലിബ് ഖുത്വുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.
ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ബഹുഭൂരിഭാഗവും ഹറമില്‍ പ്രവേശിച്ചിരുന്നു. വഴിതെറ്റുന്ന ഹാജിമാര്‍ക്ക് സന്നദ്ധ സംഘടനകളുടെ സേവനം ഏറെ സഹായകരമായി. നടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വീല്‍ചെയര്‍ സഹായം, റോഡിലൂടെ നടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ചെരിപ്പും കുടിവെള്ളവും അടക്കം വിവിധ രൂപത്തിലാണ് സന്നദ്ധ സേവകരുടെ സഹായം. മക്കയുടെ വിവിധ കേന്ദ്രങ്ങളിലും ഹറം പള്ളിയിലും സുരക്ഷാസേനക്ക് ഏറ്റവും സഹായകരമായത് മലയാളി സന്നദ്ധ സംഘടനകളുടെ സേവനമാണ്.
പലയിടങ്ങളിലും സുരക്ഷാസേനയുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറയുക, വഴി തിരിച്ചു വിടുക, പ്രായമായവരെ പ്രത്യേകം സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ മലയാളി സന്നദ്ധ സേവകരാണ് നിര്‍വഹിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാര്‍ഥികളും, പരിശീലനം നേടിയ സ്‌കൗട്ട് വിദ്യാര്‍ഥികളും വിവിധ വകുപ്പുകളും മലയാളികളടക്കമുള്ള വിവിധ സന്നദ്ധ പ്രവര്‍ത്തകരും ഹാജിമാര്‍ക്ക് സേവനത്തിനായുണ്ടണ്ടായിരുന്നു. ഇന്നലെ വരെ പതിനാറു ലക്ഷത്തോളം വിദേശ തീര്‍ഥാടകരാണ് മക്കയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രണ്ടണ്ടു ദിവസത്തിനകം മുഴുവന്‍ തീര്‍ഥാടകരും മക്കയില്‍ എത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."