മ്യാന്മറില്‍ സംഘര്‍ഷം: 12 പൊലിസുകാര്‍ ഉള്‍പ്പെടെ 71 മരണം
യാങ്കൂണ്‍: മ്യാന്‍മറിലെ റോഹിംഗ്യകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കോഫി അന്നന്റെ നേതൃത്വത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ റാഖിനെയില്‍ വീണ്ടും സംഘര്‍ഷം.
12 പൊലിസുകാരും 59 റോഹിംഗ്യകളും കൊല്ലപ്പെട്ടു. റാഖിനെ പ്രദേശത്ത് വിമതരുടെ നേതൃത്വത്തില്‍ ഇന്നലെ പൊലിസ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. സൈനിക ആസ്ഥാനം ആക്രമിക്കാനും ശ്രമം നടന്നു.
വടക്കന്‍ മാങ്‌ഡോ പ്രദേശത്ത് 150 വിമത ആക്രമികള്‍ പൊലിസുകര്‍ക്കെതിരേ ബോംബെറിഞ്ഞതാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും മ്യാന്‍മര്‍ നേതാവ് ആങ്‌സാന്‍ സൂക്കി പ്രസ്താവിച്ചു. അക്രമികള്‍ പൊലിസിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും അവര്‍ ആരോപിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം അറാക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി ( എ.ആര്‍.എസ്.എ) ട്വിറ്ററിലൂടെ ഏറ്റെടുത്തു. എന്നാല്‍ ആക്രമണത്തില്‍ പങ്കെടുത്തവരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എ.ആര്‍.എസ്.എ തയാറായില്ല.
25 പ്രദേശങ്ങളായി റോഹിംഗ്യകളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്ത മ്യാന്‍മര്‍ സൈന്യത്തിനെതിരേയുള്ള പ്രതിരോധമാണ് ഇന്നലെ നടത്തിയത്. വടക്കന്‍ റാഖിനെയിലെ റാത്‌ടോങിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പട്ടിണികൊണ്ട് മരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
2012ല്‍ റോഹിംഗ്യകള്‍ക്കെതിരേയുള്ള തുടര്‍ച്ചയായുള്ള അക്രമങ്ങളെ തുടര്‍ന്നാണ് എ.ആര്‍.എസ്.എ സഊദിയില്‍ രൂപീകരിച്ചത്.എന്നാല്‍ ഇന്നലെയുണ്ടായ ആക്രമണങ്ങള്‍ റോഹിംഗ്യന്‍ മുസ്‌ലികളുടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളില്‍ വ്യാപകമായ രീതിയിലുള്ള ആക്രമണങ്ങളും അറസ്റ്റുകളും നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."