വിഷരഹിത ഗ്രാമമാകാന്‍ ഒരുങ്ങി മണാശേരി
മുക്കം: മുക്കം നഗരസഭയിലെ മണാശേരി വിഷരഹിത ഗ്രാമമാകാന്‍ ഒരുങ്ങുന്നു. കാര്‍ഷിക വിളകളിലെ വിഷാംശങ്ങള്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് വിഷ രഹിത ഗ്രാമത്തെ നാട്ടുകാരും സമൂഹവും നോക്കികാണുന്നത്.
നാട്ടുകാരുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ വളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിച്ചുള്ള കൃഷി സംസ്‌കാരത്തിലേക്ക് മണാശേരി ഗ്രാമം ഇപ്പോള്‍ അടുത്ത് കൊണ്ടിരിക്കുകയാണ്.
നിരന്തരമായ യോഗങ്ങളിലൂടെയും ബോധവല്‍കരണ ക്ലാസുകളിലൂടെയുമാണ് ജൈവ കൃഷിയുടെ സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയത്. വിത്തുകള്‍, ജൈവ വളം എന്നിവ ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്താണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ചേന, ചേമ്പ്, വാഴ, മഞ്ഞള്‍, കൂവ തുടങ്ങിയവ കൂടാതെ ഏറെ ഔഷധ ഗുണമുള്ള രക്തശാലി നെല്ലും മണാശ്ശേരിയിലെ കര്‍ഷക സൗഹൃദത്തില്‍ വിളഞ്ഞിട്ടുണ്ട്. ജൈവ കൃഷി വലിയ ലാഭം നല്‍കില്ലെന്ന കര്‍ഷകരുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും വിളവെടുപ്പിലൂടെ അവര്‍ തെളിയിച്ചു.
കൃഷിക്കാവശ്യമായ വിവിധ ഉപകരണങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ തന്നെ നിര്‍മിച്ചതാണ്. മണാശേരി പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍, ആറ് റസിഡന്‍ന്‍സ് അസോസിയേഷനുകള്‍, 30 സന്നദ്ധ സംഘങ്ങള്‍ എന്നിവര്‍ സംഗമിച്ചപ്പോഴാണ് പലരും അസാധ്യമെന്നു പറഞ്ഞ 'ജൈവ ഗ്രാമ'മെന്ന പുതിയ കാര്‍ഷിക സംസ്‌കാരത്തിന് ഇവര്‍ തുടക്കം കുറിച്ചത്. ഇന്ന് രാവിലെ 10 ന് മണാശേരി അങ്ങാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ മണാശേരിയെ വിഷ രഹിത കാര്‍ഷിക ഗ്രാമമായി പ്രഖ്യാപിക്കും. തിരുവമ്പാടി കൃഷി ഓഫിസര്‍ പി. പ്രകാശ് ജൈവ കൃഷി ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കും. ജൈവ വളങ്ങള്‍, വിഷ രഹിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും പരിപാടിയുടെ ഭാഗമായി നടക്കും.
പത്ര സമ്മേളനത്തില്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍, വിനോദ് മണാശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."