വിലയില്‍ വലയില്ല; ജില്ലയില്‍ ഒരുങ്ങുന്നത് 275 ഓണച്ചന്തകള്‍
കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങളെ വിപണിയിലെ വിലവര്‍ധനവ് ബാധിക്കാതിരിക്കാന്‍ ജില്ലയില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത് 275 ഓണച്ചന്തകള്‍. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ചന്തകള്‍ തുടങ്ങുന്നത്.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം 28ന് വൈകിട്ട് നാലിന് പാവമണി റോഡിലുള്ള അനുഗ്രഹ് ആര്‍ക്കേഡില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹ്ബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. സേവ് ഗ്രീന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക.
കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ താലൂക്ക്തല ചന്തകളും ബേപ്പൂര്‍ മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ മേഖലകളില്‍ പ്രത്യേക ഓണം വിപണികളും കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നുണ്ട്. പൊതുവിപണിയില്‍ 41രൂപ വിലയുള്ള ജയ അരിയും 38 രൂപ വിലയുള്ള കുറുവ അരിയും 25 രൂപക്ക് ലഭ്യമാക്കും. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും ലിറ്ററിന് 202 രൂപ വിലയുള്ള വെളിച്ചെണ്ണ 90 രൂപക്കും വിപണിയില്‍ ലഭിക്കും.
ബിരിയാണി അരി, റവ, മൈദ, നെയ്യ്, സാമ്പാര്‍പൊടി എന്നിവയുള്‍പ്പെടെ 38ലേറെ ഇനങ്ങളാണ് ഓണവിപണികളില്‍ ലഭിക്കുക. അരി ഇനങ്ങള്‍ ഒരു കുടുംബത്തിന് അഞ്ച് കിലോ നിരക്കിലും പഞ്ചസാര ഒരു കിലോയും മറ്റ് ഇനങ്ങള്‍ 500ഗ്രാം നിരക്കിലുമാണ് നല്‍കുക.
കൂടാതെ കോഴിക്കോട്-വയനാട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു 500 രൂപയുടെ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് സമ്മാനോത്സവം 2017 പദ്ധതിയിലും അംഗമാവാം. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് സ്‌കൂട്ടര്‍ സമ്മാനമായി ലഭിക്കും. സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."