കടുവഭീതി ഒഴിയുന്നില്ല; ചീരാലുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
സുല്‍ത്താന്‍ ബത്തേരി: കടുവ ഭീതിയില്‍ ചീരാല്‍ പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായി. മുണ്ടക്കൊല്ലി, വല്ലത്തൂര്‍, മുത്താച്ചിക്കുനി, പണിക്കര്‍പടി, കണ്ണിവട്ടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കടുവ ഭീതിയില്‍ കഴിയുന്നത്.
വൈകുന്നേരമാകുമ്പോഴേക്കും കടുവ നാട്ടിന്‍പുറങ്ങളിലെത്തുന്നു. മുത്തച്ചിക്കുനി പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ കടുവയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും നടപടിയില്ല. ഭീതിമൂലം വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
ഈ പ്രദേശങ്ങളില്‍ കാട്ടാന ശല്യവും രൂക്ഷമാണ്. കൃഷി നശിപ്പിക്കുക മാത്രമല്ല രണ്ടാഴ്ച മുന്‍പ് പഴൂര്‍ വൃദ്ധസദനത്തിന്റെ മതില്‍ ആന തകര്‍ക്കുകയും ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നിഷേധാത്മക സമീപനമാണ് തുടരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കടുവ ഭീഷണിയെ തുടര്‍ന്ന് പഴൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.
കടുവയെ പിടികൂടാന്‍ കൂട് വെക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പ് ഇതുവരെ പാലിച്ചിട്ടുമില്ല. ഇതേ തുടര്‍ന്ന് ചീരാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും, വ്യാപാരികളുടേയും, സന്നദ്ധ സംഘടനകളുടേയും യോഗം തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികളായി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.ടി. ബേബി-ചെയര്‍മാന്‍, അബ്ദുള്‍ ഗഫൂര്‍, വി.എന്‍. മോഹന്‍ദാസ്, ടി.പി. ഓമനക്കുട്ടന്‍-വൈസ് ചെയര്‍മാന്‍മാര്‍, എം.എ. സുരേഷ്-കണ്‍വിനര്‍, ചന്ദ്രന്‍ മുത്താച്ചിക്കുനി, മുസ്തഫ കണ്ണോത്ത്, രാധാകൃഷ്ണന്‍-ജോയന്റ് കണ്‍വിനര്‍, പി.എസ്. സുബ്രമണ്യന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. പി.എം. ജോയി, കെ.ആര്‍. സാജന്‍, സി. ശിവശങ്കരന്‍, സരള ഉണ്ണികൃഷ്ണന്‍, മല്ലിക സോമശേഖരന്‍, കെ.സി.കെ. തങ്ങള്‍, ബാവ, ഗോപാലകൃഷ്ണന്‍, കെ.വി. ക്രിസ്തുദാസ്, സി. അബൂബക്കര്‍, സി.പി. സുനില്‍റാം, സി. അബ്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."