സ്വകാര്യബസുകള്‍ 28 മുതല്‍ വടകര പഴയ ബസ് സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കും
വടകര: രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തപക്ഷം 28 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വടകര പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റിവ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നു സര്‍വിസ് നടത്തും. ദേശീയപാതയിലെ വിവിധ ടെക്‌സ്റ്റൈല്‍സ് ഷോറൂമിലേക്കു വരുന്ന വാഹനങ്ങള്‍ റോഡില്‍ കൃത്യതയില്ലാതെ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്. ഇതുകാരണം പുതിയ സ്റ്റാന്‍ഡില്‍നിന്നു പഴയ സ്റ്റാന്‍ഡിലേക്ക് എത്താന്‍ വൈകുന്നതിനാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് ബഹിഷ്‌കരണം.
ഇതിനുപുറമെ വില്യാപ്പള്ളി റോഡിലും മാര്‍ക്കറ്റ് റോഡിലും വലിയ ചരക്കുലോറികള്‍ ഒരുവശത്ത് പാര്‍ക്ക് ചെയ്ത് ചരക്കിറക്കുന്നതും മറുഭാഗത്ത് സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ ഇരുഭാഗങ്ങളിലും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതും കുരുക്കിന് ആക്കംകൂട്ടുന്നു.
നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സെപ്തംബര്‍ ഒന്നു മുതല്‍ യാത്രാസമയത്ത് വിദ്യാര്‍ഥികളില്‍ അംഗീകൃത യാത്രാപാസുകള്‍ കൈവശമില്ലെങ്കില്‍ സൗജന്യയാത്ര അനുവദിക്കില്ല.
സ്വാശ്രയ കോളജടക്കം എല്ലാ പാരലല്‍ കോളജിലെയും വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പിട്ട യാത്രാപാസുകള്‍ വിതരണം നടത്തിയതായും തുടര്‍ന്നും പാസ് വാങ്ങാത്ത സ്വാശ്രയ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ക്കാട്ടേരി, കല്ലാച്ചി, വടകര-തണ്ണീര്‍പ്പന്തല്‍ റോഡ്, വടകര-അയനിക്കാട് റോഡ്, വടകര-ആയഞ്ചേരി റോഡ് എന്നിവ പൊട്ടിപ്പൊളിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.കെ ഗോപാലന്‍ നമ്പ്യാര്‍, സെക്രട്ടറി ടി.എം ദാമോദരന്‍, ട്രഷറര്‍ ഇ.സി കുഞ്ഞമ്മദ്, സംസ്ഥാന സമിതിയംഗം എം.കെ ഗോപാലന്‍, എം.പി ബാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."