വികസന പ്രവര്‍ത്തനങ്ങളില്‍ അവഗണന; നെട്ടൂരില്‍ പ്രതിഷേധം ശക്തമാകുന്നു
മരട്: നെട്ടൂരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ അവഗണിഗണനക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധ സമരം ശക്തമാകുന്നു. പി.ഡബ്ല്യു.ഡി റോഡ് വര്‍ഷങ്ങളായി പൊട്ടികര്‍ന്ന് കുഴികളായി മാറി യാത്രക്കാരുടെ നടുവൊടിക്കുന്ന അവസ്ഥയിലെത്തിട്ടും പുനര്‍നിര്‍മിക്കാതെ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് അന്നത്തെ മന്ത്രി ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും നിര്‍മാണം പകുതി പോലുമെത്താതെ നിര്‍ത്തിയിരിക്കുകയാണ്.
തീരദേശ റെയില്‍ പാതയിലെ തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്ര ചെയ്തിരുന്ന അനവധി യാത്രക്കാരെ ദുരിതത്തിലാക്കി അപ്രതീക്ഷിതമായി സ്റ്റേഷന്‍ നിര്‍ത്തലാക്കിയതും പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാരുടെ സമരത്തേ തുടര്‍ന്ന് എം.പിയും നഗരസഭയും ഇടപെട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് വരെ നടപടി ആയില്ല.
പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തരപാലം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കി നിര്‍മാണം ആരംഭിച്ചെങ്കിലും നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്.
തേവര കുണ്ടന്നൂര്‍ പാലത്തില്‍ യാത്രക്കാര്‍ക്കു ഭീഷണിയായി അപകടകരമായ നിലയില്‍ ചെരിഞ്ഞു നില്‍ക്കുന്ന വിളക്കു കാലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നാട്ടുകാരുടെ ആവശ്യവും ബന്ധപ്പെട്ട അധികാരികള്‍ അവഗണിക്കുകയാണ്.
നിര്‍മാണമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നെട്ടൂര്‍ കുമ്പളം പാലം പണിയും അനിശ്ചിതത്വത്തിലാണ്. പി.ഡബ്ല്യു.ഡി റോഡിലെ നെട്ടൂര്‍ ചന്തപ്പാലം വീതി കുട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യവും പരിഗണനക്കു പുറത്താണ്.
കേട്ടെഴുത്ത് കടവ്, മൂത്തേടം റോഡിന്റെ സ്ഥിതിയും ദയനീയമാണ്. നെട്ടൂര്‍ നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായ നെട്ടൂര്‍- ചിലവന്നൂര്‍ പാലം ഇനിയും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. നെട്ടൂര്‍ പ്രൈ മറി ഹെല്‍ത്ത് സെന്റര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡിലെ കൈയേറ്റ മൊഴിപ്പിച്ച് വീതി കൂട്ടല്‍, നെട്ടൂര്‍ റെയില്‍വെ മേല്‍പ്പാലം പൊതു കളിസ്ഥലം, പ്രിയദശിനി ഹാള്‍ നവീകരണം, മാലിന്യ സംസ്‌കരണം എന്നിവയും നെട്ടൂര്‍ നിവാസികളുടെ പ്രധാന ആവശ്യങ്ങളാണ്.
വികസന പ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധ സൂചകമായി ആവണി സ്വയം സഹായ സംഘത്തിന്റൈ അഭിമുഖ്യത്തില്‍ ഇന്ന് നെട്ടൂരില്‍ കരിദിനം ആചരിക്കും.
കേട്ടെഴുത്ത് കടവ്, മൂത്തേടംറോഡ് പുനര്‍നിര്‍മാണത്തിലെ അനാസ്ഥക്കെതിരേ മുന്‍ കൗണ്‍സിലറും പൊതു പ്രവര്‍ത്തകനുമായ അഡ്വ. അബ്ദുള്‍ മജീദ് മാസ്റ്റര്‍ ഇന്ന് മുത്തേടം റോഡില്‍ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനും തീരുമാനിച്ചിട്ടുണ്ട്. നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷനും ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."