ഓണത്തിന് ഇത്തവണ പച്ചക്കറി ഓണാട്ടുകര വിളമ്പും
ആലപ്പുഴ: ഓണത്തിന് ഇത്തവണയും ജില്ലയിലാകെ കൂടുതല്‍ പച്ചക്കറികളെത്തുക ഓണാട്ടുകരയില്‍നിന്ന്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ പാലമേല്‍, നൂറനാട്, വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളില്‍ മാത്രം 800 ഹെക്ടര്‍ സ്ഥലത്താണ് ഓണവിപണി ലക്ഷ്യമിട്ട് ജൈവവിഷരഹിത പച്ചക്കറി കൃഷി ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നത് പാലമേല്‍ ഗ്രാമപഞ്ചായത്തിലാണ്.
ഇന്നലെ മാത്രം ഒരു ടണ്‍ പയറും 500 കിലോ പടവലവും ആറു ടണ്‍ ഏത്തയ്ക്കയും 750 കിലോ പൂവന്‍ഞാലി പഴവും, നാലു ടണ്‍ ചേനയും ചേമ്പും കിഴങ്ങും നൂറുകിലോ വെണ്ടയും വഴുതനയും അമ്പതുകിലോ പച്ചമുളകും 300 കിലോ വീതം വെള്ളരിയും മത്തനും കുമ്പളവും 100 കിലോ കോവയ്ക്കയും കൃഷി വകുപ്പിന്റെ പാലമേലിലെ എ ഗ്രേഡ് ക്ലസ്റ്റര്‍ വഴി വിപണികളിലെത്തിച്ചതായി കൃഷി ഓഫീസര്‍ സിജി സൂസന്‍ ജോര്‍ജ് പറഞ്ഞു. കര്‍ഷകര്‍ക്ക് മികച്ചവില ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച ആഴ്ച ചന്തയിലൂടെ ശേഖരിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്ററാണ് പൊതുവിപണിയിലെത്തിക്കുന്നത്. നൂറു ടണ്ണിലധികം എത്തയ്ക്കയാണ് വിപണിയിലെത്തിച്ചത്. കര്‍ഷകര്‍ക്ക് പരമാവധി ന്യായവില ലഭ്യമാക്കി ജൈവപച്ചക്കറികള്‍ ജനങ്ങള്‍ക്കെത്തിക്കുകയും മറ്റു വിപണികളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്‍ പറഞ്ഞു. എല്ലാ ആഴ്ചയിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ആഴ്ച ചന്ത നടക്കുക. ആഴ്ചചന്ത നടക്കുന്ന വിപണി 40 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് നവീകരിച്ചു നല്‍കി. വിഷം തളിക്കാത്ത, രാസവളം പ്രയോഗിക്കാത്ത ഓണാട്ടുകര പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണെന്നും വിപണി സജീവമാണെന്നും ആര്‍. രാജേഷ് എം.എല്‍.എ. പറഞ്ഞു.
പാലമേലില്‍ ഇത്തവണ കൂടുതല്‍ പ്രദേശത്ത് കൃഷിയിറക്കിയതായി വൈസ് പ്രസിഡന്റ് കെ. ബിജു പറഞ്ഞു. ഇടനിലക്കാര്‍ വിലകുറച്ച് പച്ചക്കറി വാങ്ങുന്നതു തടയാന്‍ വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സിവില്‍ സപ്ലൈസ് എന്നീ സ്ഥാപനങ്ങള്‍ വഴി പച്ചക്കറി വിതരണം ചെയ്യുന്നു. ഓണാട്ടുകരയിലെ നാടന്‍ പച്ചക്കറി വില്‍പ്പനയ്ക്കായി കായംകുളം മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അഗ്രോ സര്‍വീസ് സെന്റര്‍ പ്രത്യേക വിപണി ആരംഭിച്ചിട്ടുണ്ട്. ഓണാട്ടുകര വികസന ഏജന്‍സി പച്ചക്കറി വില്‍പ്പനയ്ക്ക് സഹായം ലഭ്യമാക്കുന്നു.
മാവേലിക്കര, ചാരുമ്മൂട് ബ്ലോക്കിലെ വിവിധ വിപണികള്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നു കഴിഞ്ഞു. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ പച്ചക്കറി മറ്റ് ജില്ലകളിലേക്കും കയറ്റി അയയ്ക്കുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ. പ്രേംകുമാര്‍ പറഞ്ഞു. 1293 ഹെക്ടര്‍ സ്ഥലത്ത് ജൈവരീതിയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നു.
പയര്‍, പടവലം, വെള്ളരി, പാവല്‍, മുളക്, ചീര എന്നിവയും വില്‍പനയ്ക്ക് എത്തിയിട്ടുണ്ട്. ഓണത്തിന് മാത്രം ലക്ഷ്യമിട്ടിരിക്കുന്ന വിപണികളിലേക്ക് 189 ടണ്‍ പച്ചക്കറി ഇവിടെ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവ കൂടാതെ വെണ്‍മണി, തഴക്കര, മണ്ണഞ്ചേരി, കഞ്ഞിക്കുഴി, കടക്കരപ്പള്ളി, പട്ടണക്കാട്, ചേര്‍ത്തല തെക്ക്, മാരാരിക്കുളം നോര്‍ത്ത്, മാരാരിക്കുളം സൗത്ത് എന്നീ പഞ്ചായത്തുകളിലും ഓണം ലക്ഷ്യമാക്കി പച്ചക്കറി കൃഷിയുടെ മികച്ചവിളപ്പെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."