ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍: അവതാളത്തിലായി ഓണവ്യാപാരം
ആലപ്പുഴ: ചരക്കുസേവന നികുതി നിയമം അനുസരിച്ചുള്ള വിവിധ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതികള്‍ അടുത്തടുത്ത് വന്നതോടെ സംസ്ഥാനത്തെ ഓണവ്യാപാരം അവതാളത്തിലായി.
റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട ദിവസങ്ങള്‍ അടുത്തടുത്ത് വന്നതോടെ തങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് വ്യാപാരികള്‍ക്ക് നിലവിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തേക്ക് ആഴ്ചകളോളം ചരക്കുനീക്കത്തില്‍ ഇടിവുണ്ടായിരുന്നു. ഈ പ്രതിസന്ധി ഓണക്കാലവില്‍പ്പനയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. ഈ സന്ദര്‍ഭത്തിലാണ് ജി.എസ്.ടി താല്‍ക്കാലിക റിട്ടേണുകള്‍ സമര്‍പ്പിക്കല്‍ വ്യാപാരികള്‍ക്ക് പ്രതിസന്ധിയായി എത്തിയത്.
ജൂലൈ മാസത്തെ താല്‍ക്കാലിക ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഇന്നലെയായിരുന്നു. ജൂലൈ ഒന്നിന് നീക്കിയിരിപ്പുള്ള സ്റ്റോക്കിന്‍മേലുള്ള ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ലഭ്യമാകണമെങ്കില്‍ ട്രാന്‍ 1 എന്ന് റിട്ടേണ്‍ സമര്‍പ്പിച്ചശേഷം ജൂലൈ മാസത്തെ റിട്ടേണ്‍ ഓഗസ്റ്റ് 28നകം ഫയല്‍ചെയ്യണം.
വീണ്ടും ജൂലൈ മാസത്തെ അവസാനറിട്ടേണിലെ ഒരു ഭാഗമായ ജി.എസ്.ടി ആര്‍1 സെപ്റ്റംബര്‍ അഞ്ചിനും ജി.എസ്.ടി ആര്‍2 സെപ്റ്റംബര്‍ 10നും സമര്‍പ്പിക്കണം. ഓഗസ്റ്റ് മാസത്തെ റിട്ടേണുകള്‍ അഞ്ച് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബര്‍ 15, 20 തീയതികളില്‍ സമര്‍പ്പിക്കുകയും വേണം.
സെപ്റ്റംബര്‍ ഒന്നിന് ബക്രീദും സെപ്റ്റംബര്‍ അഞ്ചിന് ഓണവും ആഘോഷിക്കാനിരിക്കെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ഇത്രയും റിട്ടേണുകള്‍ സമര്‍പ്പിക്കുകയെന്നത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ജി.എസ്.ടി നിയമപ്രകാരം ഇത്തരത്തില്‍ ഫയല്‍ ചെയ്യുന്ന റിട്ടേണുകളില്‍ തെറ്റുണ്ടായാല്‍ തിരുത്തുന്നതിനുള്ള അവസരവുമില്ലാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റിട്ടേണ്‍ ഫയല്‍ ചെയ്തത് പൂര്‍ണ്ണമാകണമെങ്കില്‍ സര്‍ക്കാരിലേക്ക് നികുതികൂടി അടയ്‌ക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ആയി നികുതി സ്വീകരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ പണം ബാങ്കില്‍ അടച്ചാലും 72 മണിക്കൂര്‍കൊണ്ടേ പലപ്പോഴും ജി.എസ്.ടി പോര്‍ട്ടലില്‍ ക്രെഡിറ്റ് ആവുകയുള്ളു. മാത്രമല്ല, ജി.എസ്.ടി പോര്‍ട്ടലിലും നെറ്റ്‌വര്‍ക്കിലും ലോഗ് ഇന്‍ ചെയ്യുക എന്നത് മണിക്കൂറുകള്‍ നീളുന്ന പ്രക്രിയയുമാണ്.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട വ്യാപാരികള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് ഓണം വ്യാപാരത്തിന്റെ തിരക്കിനിടയില്‍ ഇത്രയും റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.
പഴയ നികുതിനിരക്കില്‍ സ്റ്റോക്കുചെയ്ത സാധനങ്ങള്‍ ജി.എസ്.ടി നടപ്പാക്കിയതിനുശേഷമുള്ള നികുതിനിരക്കില്‍ വില്‍പ്പന നടത്താന്‍ പുതിയ എം.ആര്‍.പി. പതിപ്പിച്ച് നടപ്പില്‍വരുത്താമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഉണ്ടെങ്കിലും കമ്പനികള്‍ ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത്തരത്തില്‍ സ്റ്റോക്കുചെയ്ത ഉത്പന്നങ്ങള്‍ വ്യാപാരികളുടെ കൈവശം കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്നും ആതിനാല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ 15 ദിവസത്തേക്കുകൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."