സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും ഉടന്‍
ബോവിക്കാനം: ശുദ്ധജല വിതരണത്തിനായുള്ള ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റിനുള്ള ഭരണാനുമതി സംസ്ഥാന ജലവിഭവ വകുപ്പിന്റെ മൈനര്‍ ഇറിഗേഷന്‍ വിഭാഗം നല്‍കിയതോടെ പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടികളും ഉടനുണ്ടാവും.
സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സാങ്കേതികാനുമതി നല്കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനാണു ജലവിഭവ വകുപ്പിന്റെ നീക്കം. കഴിഞ്ഞ ഏഴിനാണു പദ്ധതിയുടെ എസ്റ്റിമേറ്റ് ജലവിഭവ വകുപ്പ് അംഗീകരിച്ചത്.
ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് 2.75 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനുള്ള ഭരണാനുമതിയാണു ലഭിച്ചത്. കാസര്‍കോട് നഗരസഭയിലും ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിനു ജലം സംഭരിക്കുന്നതിനും പയസ്വിനി, കരിച്ചേരി നദികളുടെ തീരങ്ങളില്‍ 407 ഹെക്ടര്‍ പ്രദേശത്തെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഉതകുന്നതാണു പദ്ധതി.
നേരത്തെ നിരവധി തവണ ഭരണാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയായി 30 ശതമാനം നിര്‍മാണം മാത്രമെ ബാവിക്കര പദ്ധതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇതിനകം 4.41 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാവും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."