വഴിതെറ്റി എത്തിയ സ്ത്രീക്ക് പൊലിസ് തുണയായി
കണ്ണൂര്‍: കാസര്‍കോട് നിന്നു വഴിതെറ്റി കണ്ണൂരിലെത്തിയ സ്ത്രീയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. ബദിയടുക്ക റോഡിലെ രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന സരസ്വതി(63)യെയാണ് വ്യാഴാഴ്ച വൈകുന്നേരം കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്തുവച്ച് കണ്ടെത്തിയത്. തണല്‍ വളണ്ടിയര്‍മാര്‍ പിങ്ക് പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സരസ്വതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസമായി വീട്ടുവിട്ട് ഇറങ്ങിയ ഇവര്‍ മുഷിഞ്ഞ വേഷമായിരുന്നു ധരിച്ചിരുന്നത്. ആദ്യം പൊലിസിനോടും തണല്‍ വളണ്ടിയര്‍മാരോടും അകന്നുനിന്ന സരസ്വതി ഭക്ഷണവും മറ്റും നല്‍കിയതിന് ശേഷം വനിതാ പൊലിസുമായി സഹകരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് കാസര്‍കോടാണ് സ്വദേശമെന്നും മകളുമായി പിണങ്ങിയാണ് നാടുവിട്ടതെന്നും വ്യക്തമായത്. കാസര്‍കോട് നിന്നു മകള്‍ ശകുന്തളയെ പൊലിസ് വിളിച്ചുവരുത്തി. ശകുന്തളയ്ക്കും മകനുമൊപ്പം സരസ്വതിയെ കാസര്‍കോടേക്ക് പറഞ്ഞയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."