ആള്‍ദൈവങ്ങളുടെ സ്വത്തുവിവരവും, ആശ്രമപ്രവര്‍ത്തനവും നിരീക്ഷിക്കണം: വി.എസ്
തിരുവനന്തപുരം: ക്രിമിനല്‍ ആള്‍ദൈവങ്ങളുടെ സ്വത്തുവിവരങ്ങളും ആശ്രമപ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരക്കാരുടെ വഴിവിട്ട വളര്‍ച്ചയ്ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടാവുന്നത് വിനാശകരമാവുമെന്നതിന്റെ ദൃഷ്ടാന്തമാണ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ഈ ക്രിമിനല്‍ ആള്‍ദൈവം സ്വന്തമായ സുരക്ഷാ സേനയും അധോലോക പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയും തെരുവുകള്‍ കൊലക്കളമാക്കുകയുമാണ്. അപ്പോഴും, ഇന്ത്യയിലെ ഭരണകക്ഷിയും കോണ്‍ഗ്രസ്സും നിസഹായരാവുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തമാണ്. അടിച്ചമര്‍ത്തേണ്ട ദുഷ്പ്രവണതകള്‍ക്ക് വളംവച്ച രാഷ്ട്രീയ നേതൃത്വങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ട് ആള്‍ദൈവങ്ങള്‍ക്കും ആത്മീയ നേതാക്കള്‍ക്കും മുന്നില്‍ മുട്ടുമടക്കുകയും കാണിക്കയര്‍പ്പിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് അവരെ തള്ളിപ്പറയേണ്ട ഒരു ഘട്ടം വന്നാല്‍ അതിന് സാധിക്കാതെവരുന്നു. തെരുവില്‍ അഴിഞ്ഞാടുന്ന ക്രിമിനലുകളെ സര്‍വശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തണം. വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."