സാക്ഷി മഹാരാജിന് സംഘ്പരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: മുഖ്യമന്ത്രി
തിരുവനന്തപുരം: പീഡനക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബലാത്സംഗക്കേസിലെ പ്രതിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണെന്ന് പിണറായി വിജയന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. റാം റഹീമോ, പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷിയുടെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനല്‍ കുറ്റമാണ്. ഡല്‍ഹി ജുമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവര്‍ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം.പി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വര്‍ഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികള്‍ക്കുള്ള പ്രോത്സാഹനവും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാക്ഷിയെ തള്ളിപ്പറയാന്‍ തയാറാകാതെ പ്രധാനമന്ത്രി അടക്കമുഉള്ള ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വം മൗനം സമ്മതം നല്‍കുകയാണെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."