ഭാര്യയുടെ മൃതദേഹം ചുമലിലേറ്റിയ മാജി വീണ്ടും വിവാഹിതനായി
ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന ദാനാ മാജിയെന്ന ഒഡിഷക്കാരന്റെ മുഖം ആരും മറന്നിട്ടില്ല. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് മാജിക്ക് ഭാര്യ അമാംഗയുടെ മൃതദേഹം ചുമക്കേണ്ട ഗതിക്കേടുണ്ടായത്. എന്നാല്‍ ഇന്ന് മാജിയുടെ ജീവിതമാകെ മാറിയിരിക്കുകയാണ്. ലക്ഷാധിപതിയാണ് ഇപ്പോള്‍ അദ്ദേഹം. അമാംഗയുടെ മരണശേഷം റായഗഡ സ്വദേശിനി അല്‍മതി ദേവിയെ മാജി വിവാഹം കഴിച്ചു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം.
നിരവധിയാളുകളാണ് മാജിയുടെ ദൈന്യത അറിഞ്ഞ് സഹായഹസ്തം നീട്ടിയത്. 37 ലക്ഷം രൂപയാണ് ഇത്തരത്തില്‍ മാജിക്ക് ലഭിച്ചത്. ഇതോടെ കാലാഹണ്ഡിയില്‍ നിന്ന് അദ്ദേഹം താമസം മാറി. മെല്‍ഘാരയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ താമസം.
തന്റെ മക്കള്‍ക്ക് ഇപ്പോള്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പലതരത്തിലുള്ള സഹായം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ സംഭവം തന്റെ ജീവിതം മാറ്റിമറിച്ചെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇപ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കേണ്ടത് തനിക്കല്ലെന്നും തന്റെ ഗ്രാമത്തിനാണെന്നും മാജി വ്യക്തമാക്കുന്നു. വെള്ളപ്പൊക്കം ഗ്രാമത്തെ തകര്‍ത്തെന്നും മാജി പറഞ്ഞു.
ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നായിരുന്നു അമാംഗയെ അദ്ദേഹം വിവാഹം കഴിച്ചത്. ക്ഷയരോഗത്തെ തുടര്‍ന്നായിരുന്നു അമാംഗയുടെ മരണം. ജീവിതത്തില്‍ മാറ്റം വന്നെങ്കിലും മക്കളുടെ ജീവിതം അത്ര സന്തോഷകരമല്ല. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലാണ് മാജിയുടെ മൂന്നു പെണ്‍മക്കള്‍ പഠിക്കുന്നത്.
ചാന്ദ്‌നി, പ്രമീള, സോനെയി എന്നിങ്ങനെയാണ് പേരുകള്‍. അമ്മയുടെ നഷ്ടത്തെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അച്ഛന്റെ പുതിയ ഭാര്യയുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. ഇടയ്ക്ക് മാത്രമാണ് പിതാവ് തങ്ങളെ കാണാന്‍ വരാറുള്ളതെന്നും ഇവര്‍ പറയുന്നു. ഇക്കഴിഞ്ഞ അവധിക്ക് മൂത്ത മകളായ ചാന്ദ്‌നി വീട്ടില്‍ പോയില്ലെന്നും മാജിയുടെ പുതിയ ഭാര്യക്ക് ഇഷ്ടമല്ലാതിരുന്നതിനാലാണ് താന്‍ പോവാതിരുന്നതെന്നും ചാന്ദ്‌നി പറയുന്നു. അതേസമയം ഇന്ദിരാ ആവാസ് യോജനയിലൂടെ മാജിക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ അദ്ദേഹത്തിന്റെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."