ഭരണഘടനയുള്ള കാലത്തോളം ആശങ്കപ്പെടേണ്ട: ന്യൂനപക്ഷ കമ്മിഷന് ചെയര്മാന്
നെടുമ്പാശ്ശേരി: രാജ്യത്ത് ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് പി.കെ ഹനീഫ.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന അവസാന സംഘം തീര്‍ഥാടകരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ ആരെങ്കിലും വിചാരിച്ചാല്‍ പെട്ടെന്ന് ഇളക്കിമാറ്റാന്‍ കഴിയില്ല. രാജ്യത്തിന്റെ പവിത്രമായ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് കോടതികളാണ്. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത ഏതു നിയമവും കോടതികള്‍ ഇടപെട്ട് അസാധുവാക്കും. ലോകത്തെ മുഴുവന്‍ ജനങ്ങളെയും ഒന്നായി കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതിനാല്‍ എല്ലാ മനുഷ്യരുടെയും ക്ഷേമവും സമാധാനവും ഐശ്വര്യവും ഇസ്ലാംമത വിശ്വാസികള്‍ക്ക് പ്രധാനമാണ്. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങുന്ന ഹാജിമാര്‍ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു. അസി.സെക്രട്ടറി ടി.കെ അബ്ദുല്‍ റഹ്മാന്, കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്, ക്യാംപ് ഓഫിസര്‍ യു. അബ്ദുല്‍ കരീം, ഹജ്ജ് സെല്‍ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."