സ്ത്രീ സുരക്ഷ; പൊലിസിനെ സഹായിക്കാന്‍ കുടുംബശ്രീ അംഗങ്ങളും
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി ഇനി കുടുംബശ്രീ അഗങ്ങളും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കി നിര്‍ഭയ വളന്റിയര്‍മാരാക്കുകയാണ് ലക്ഷ്യം. വനിതാ പൊലിസില്‍ അംഗബലം കുറവായതിനാലാണ് കുടുംബശ്രീയില്‍നിന്ന് വളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്.
പദ്ധതി നേരത്തേ കൊച്ചിയില്‍ നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ഓണം കഴിഞ്ഞ് പദ്ധതി നടപ്പാക്കും. ഓരോ ജനമൈത്രി പൊലിസ് സ്റ്റേഷന് കീഴിലും യുവതികള്‍ക്ക് പരിശീലനം നല്‍കി വളന്റിയര്‍മാരായി നിയമിക്കും. ഇവര്‍ക്ക് നിശ്ചിത തുക അലവന്‍സായി നല്‍കും. കഴിഞ്ഞ വര്‍ഷമാണ് കൊച്ചിയില്‍ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 1,000 വളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കുക. ഇതിനായി രണ്ടരക്കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. കൊല്ലത്ത് അടുത്ത മാസം പദ്ധതി തുടങ്ങും.
150 വളന്റിയര്‍മാരെയാണ് ഇവിടെ സജ്ജമാക്കുക. കൊല്ലത്തും കൊച്ചിയിലുമാണ് 150 വളന്റിയര്‍മാരുണ്ടാകുക. മറ്റിടങ്ങളില്‍ 50ല്‍ കുറയാത്ത വളന്റിയര്‍മാരുണ്ടാകും. നിര്‍ഭയ വളന്റിയര്‍മാര്‍ക്ക് യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. കൂടാതെ ക്രിമിനല്‍, സിവില്‍ കേസുകളില്‍ പ്രതിയാകാന്‍ പാടില്ല. കുടുംബത്തിലെ മറ്റുള്ളവര്‍ക്കെതിരേ പൊലിസില്‍ കേസുണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ലൈംഗികാതിക്രമം, വീട്ടിനുള്ളിലെ പീഡനം തുടങ്ങിയ പരാതികള്‍ ലഭിക്കുമ്പോള്‍ ഇരകള്‍ക്ക് കൗണ്‍സലിങ് നല്‍കുക, പരാതിയുടെ സത്യാവസ്ഥ പ്രദേശവാസിയെന്ന നിലയില്‍ കണ്ടെത്തുക, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമെങ്കില്‍ ചെയ്യുക, നിയമസഹായം നല്‍കുക എന്നിവയാണ് ഇവരുടെ ജോലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."