സ്റ്റെര്‍ലിങ് രക്ഷകന്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
ലണ്ടന്‍: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ബേണ്‍മൗത്തിനെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം വിജയം സ്വന്തമാക്കി. 2-1നാണ് സിറ്റി വിജയിച്ചത്.
ഇഞ്ച്വറി ടൈം വരെ 1-1ന് സമനിലയില്‍ മുന്നേറിയ മത്സരം തുല്ല്യതയില്‍ പിരിയുമെന്ന് കരുതിയെങ്കിലും സ്റ്റോപ്പ് ഏജ് ടൈമില്‍ റഹിം സ്റ്റെര്‍ലിങ് നേടിയ ഗോളില്‍ സിറ്റി നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.
13ാം മിനുട്ടില്‍ ഡാനിയേല്‍സിലൂടെ ബേണ്‍മൗത്ത് ലീഡെടുത്ത് സിറ്റിയെ ഞെട്ടിച്ചെങ്കിലും 21ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിലൂടെ സിറ്റി സമനില പിടിച്ചു. പിന്നീട് ഗോളടിക്കാന്‍ ഇരു പക്ഷത്തിനും സാധിക്കാതെ പോയതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതി. എന്നാല്‍ 90 മിനുട്ടും കഴിഞ്ഞ് അധികമായി ലഭിച്ച 10 മിനുട്ടിന്റെ ഏഴാം മിനുട്ടിലാണ് സിറ്റിക്കായി സ്റ്റെര്‍ലിങിന്റെ വിജയ ഗോള്‍ പിറന്നത്. ഡാനിലോ നല്‍കിയ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങിന്റെ ഗോള്‍.
മത്സരം അപ്രതീക്ഷിതമായി വിജയിച്ചതിന് പിന്നാലെ അതിരുവിട്ട ആഘോഷം സിറ്റി താരങ്ങള്‍ നടത്തിയതോടെ സ്റ്റെര്‍ലിങ് രണ്ടാം മഞ്ഞ കാര്‍ഡും അതുവഴി ചുവപ്പ് കാര്‍ഡും വാങ്ങി പുറത്തായത് വിജയത്തിലും കല്ലുകടിയായി നിന്നു. ഒപ്പം അഗ്യെറോയുടെ അതിരുവിട്ട പെരുമാറ്റം പോലിസ് അന്വേഷണത്തിലേക്ക് വഴിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റ് മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റി 2-0ത്തിന് ക്രിസ്റ്റല്‍ പാലസിനേയും ന്യൂകാസില്‍ യുനൈറ്റഡ് 3-0ത്തിന് വെസ്റ്റ് ഹാമിനേയും പരാജയപ്പെടുത്തി.
വാട്‌ഫോര്‍ഡ്- ബ്രൈറ്റന്‍ ഹോവ് ആല്‍ബിയോണ്‍, ഹഡ്ഡേഴ്‌സ് ഫീല്‍ഡ്- സതാംപ്ടന്‍ പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനില.
ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍
മ്യൂണിക്ക്: സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി മൂന്ന് മിനുട്ടിനിടെ രണ്ട് തവണ വല ചലിപ്പിച്ച് നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ രണ്ടാം വിജയം സമ്മാനിച്ചു. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ രണ്ടാം പോരാട്ടത്തില്‍ ബയേണ്‍, വെര്‍ഡര്‍ ബ്രെമനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. കളിയുടെ ആദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാല്‍ പങ്കും ഗോള്‍രഹിതമായപ്പോള്‍ 72, 75 മിനുട്ടുകളിലാണ് ലെവന്‍ഡോസ്‌കി വല ചലിപ്പിച്ചത്.
മറ്റ് മത്സരങ്ങളില്‍ ഹാംബര്‍ഗര്‍ 3-1ന് കൊളോണിനേയും വോള്‍വ്‌സ്ബര്‍ഗ് 1-0ത്തിന് ഫ്രാങ്ക്ഫര്‍ടിനേയും സ്റ്റുട്ട്ഗര്‍ട് ഇതേ സ്‌കോറിന് മെയ്ന്‍സിനേയും പരാജയപ്പെടുത്തി. ഓഗ്‌സ്ബര്‍ഗ്- ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാച്, ബയര്‍ ലെവര്‍കൂസന്‍- ഹോഫെന്‍ഹെയിം പോരാട്ടങ്ങള്‍ 2-2ന് സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."