കുന്ദമംഗലത്ത് വീണ്ടും മോഷണം: അഞ്ചു പവനും ഒരു ലക്ഷവും നഷ്ടപ്പെട്ടു
കുന്ദമംഗലം: പൊലിസിന്റെ കണ്ണുവെട്ടിച്ച് കുന്ദമംഗലത്ത് വീണ്ടും മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് ഒരേസമയത്ത് അടുത്തടുത്തുള്ള നാലു വീടുകളില്‍ കവര്‍ച്ച നടന്നത്.
കണിയാത്ത് ശ്രീജയന്റെ വീട്ടിലെ പിന്‍ഭാഗത്തെ മൂന്നു വാതിലുകള്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച അഞ്ചു പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. കുന്ദമംഗലം മോഹശ്രീ മെഡിക്കല്‍സ് ഉടമയാണ് ശ്രീജയന്‍. സമീപത്തുള്ള കണ്ടംപിലാക്കില് പോക്കരുടെ വീടിന്റെ പിന്‍ഭാഗത്തെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നു. ഈ വീട്ടില്‍ ഒരു വര്‍ഷം മുന്‍പും മോഷണം നടന്നിരുന്നു. കണ്ടംപിലാക്കില് ശങ്കരന്‍കുട്ടി, കണ്ടംപിലാക്കില് ഷമീര്‍ എന്നിവരുടെ വീടുകളിലും മോഷണ ശ്രമമുണ്ടായി.
കഴിഞ്ഞദിവസം കുന്ദമംഗലം മുക്കം റോഡിലെ ഒന്‍പതു വീടുകളില്‍ ഒരേസമയം മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ ആനപ്പാറ പ്രസുന്ധരയില് പ്രമീളയുടെ വീട്ടില്‍നിന്ന് ഒന്‍പതര പവനും 35,000 രൂപയും നഷ്ടപ്പെട്ടു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും മോഷണം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കുന്ദമംഗലത്തും കാരന്തൂരിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. അന്നു പൊലിസും നാട്ടുകാരും ജാഗ്രത പാലിച്ചതോടെ കള്ളന്മാരുടെ ശല്യം ഒഴിവായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."