പ്രതിരോധത്തിന്റെ രംഗഭാഷ
ഒരു രംഗകല എങ്ങിനെ വര്‍ത്തമാനകാലത്തിന്റെ പ്രതിരോധ രാഷ്ട്രീയവും അതിജീവനവുമാകുന്നു എന്നാണു 'ഇശലുകളുടെ സുല്‍ത്താന്‍' നാടകത്തിന് കോഴിക്കോട് നല്‍കിയ വരവേല്‍പ്പ് സാക്ഷ്യപ്പെടുത്തിയത്. ഇശലുകളുടെ സുല്‍ത്താനായ മോയിന്‍കുട്ടി വൈദ്യര് കാലാതിവര്‍ത്തിയായി തലമുറകളില്‍നിന്നു തലമുറകളിലേക്കു പകരുന്ന സംഗീതത്തിന്റെ ഹൃദയസുഗന്ധം എന്തായിരുന്നുവെന്നു തെളിയിക്കുന്നതായിരുന്നു ടാഗോര്‍ സെന്റിനറി ഹാളിലേക്ക് ഒഴുകിയെത്തിയ പുരുഷാരം.
നവമാധ്യമങ്ങള്‍ പിടിമുറുക്കിയ, മാറിയ അഭിരുചികളുടെ ഡിജിറ്റല്‍ ആസ്വാദനലോകത്ത് ഒരു രംഗകലക്ക് എന്തു പ്രസക്തിയെന്നു നെറ്റിചുളിച്ചവര്‍ക്കു മുന്നിലാണ് ഏഴു മണിക്ക് തുടങ്ങാനിരുന്ന നാടകത്തിനു ആറുമണിക്കേ ഹൗസ്ഫുള്‍ ബോര്‍ഡ് തൂങ്ങിക്കിടന്നത്. ഒരു രംഗകലയുടെ ചതുരലോകം എങ്ങിനെയാണ് അതിന്റെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിച്ച് നമുക്കുചുറ്റും പരന്നുനിറയുന്നതെന്ന് 'ഇശലുകളുടെ സുല്‍ത്താന്‍' നമുക്ക് കാണിച്ച് തരികയായിരുന്നു. സൂചി കുത്താനിടമില്ലാത്ത വിധം സീറ്റുകള്‍ കവിഞ്ഞു തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രേക്ഷകര്‍ തന്നെ കര്‍ട്ടന്‍ ഉയരും മുന്‍പേ ഈ നാടകത്തെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മോയിന്‍കുട്ടി വൈദ്യരെയും അദ്ദേഹത്തിന്റെ ഈണങ്ങളെയും കോഴിക്കോട് എത്രമാത്രം നെഞ്ചേറ്റുന്നുവെന്നതിന്റെ തെളിവായിരുന്നു നാടകം തുടങ്ങും മുന്‍പേ നിറഞ്ഞുകവിഞ്ഞ ഈ ജനാവലി.
ഒരു വേദിയില്‍ കാണുന്ന രംഗകലയെ കണ്ണുകളാല്‍ സ്വീകരിക്കുക എന്നതിനെക്കാള്‍ ഒരു കാലത്തേക്കു കാണികളെ ഉടലോടെ വഴിനടത്തുകയെന്ന മാന്ത്രികതയായിരുന്നു ഈ കാഴ്ചകള്‍ക്ക്. ആര്‍ടിസ്റ്റ് സുജാതന്റെ രംഗപടങ്ങള്‍ തന്നെയാണ് ഈ ചരിത്രവായനയെ ഏറെ ജീവസുറ്റതാക്കുന്നത്. ഞൊടിയിടയില്‍ മാറിമറിയുന്ന കാഴ്ചകളിലൂടെ ഒരു ഭ്രമാത്മക ലോകത്തേക്കു കാണികളെ ആനയിക്കാന്‍ കഴിയുന്നു സുജാതനും കൂട്ടുകാര്‍ക്കും. കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോള്‍ രംഗചിത്രങ്ങള്‍ ദ്വിമാന ആകൃതികള്‍ വിട്ട് ത്രിമാന ആകാരം പൂണ്ടു നമുക്കു ചുറ്റും നിറയും. അപ്പോള്‍ കാണികള്‍ ആ കാലത്തേക്ക് നടന്നുതുടങ്ങും.
കാഴ്ച കണ്ടിരിക്കുന്നവര്‍ ചരിത്രത്തിന്റെ സാക്ഷികളായി മാറും. ഇരിക്കുന്നത് അപ്പോള്‍ മോയിന്‍കുട്ടി വൈദ്യരുടെ ഉമ്മറത്താകും. മരുന്നുകള്‍ തിളക്കുന്നത് നമ്മുടെ കണ്‍മുന്നിലായിരിക്കും. മഴനൂലുകള്‍ പെയ്തിറങ്ങുന്നത് നമുക്ക് ചുറ്റുമാണെന്നു തിരിച്ചറിയും. കന്നുപൂട്ടുപാടങ്ങളില്‍ നമ്മള്‍ ആര്‍ത്തുവിളിക്കും. ജിന്നുകളുടെ അത്ഭുതലോകത്തേക്കു പറന്നിറങ്ങും. നമുക്കു മുന്നിലെ താമരതടാകത്തില്‍ സ്വപ്നലോകത്തെ രാജകുമാരന്‍ നൗകയില്‍ തുഴഞ്ഞെത്തും. മഴ പെയ്യുമ്പോള്‍ കുളിരും. ഇടിയിലും മഴയിലും ചൂളിയിരിക്കും. അനുഭവലോകത്താണ് കാഴ്ചക്കാരന്‍ അപ്പോള്‍.
ബേപ്പൂരിന്റെ സുല്‍ത്താനിലൂടെയാണ് കഥ വികസിക്കുന്നത്. കൂടെ മുത്തപ്പയുമുണ്ട്. അവര്‍ നടന്നുകയറുന്ന ഓര്‍മകളുടെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഇടവഴികളിലൂടെയാണു ചരിത്രം അനാവൃതമാകുന്നത്. ചരിത്രവായനയ്ക്കു രംഗ ഭാഷയൊരുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ചെടിപ്പുകള്‍ ഒരിക്കലും ഈ നാടകത്തെ ബാധിക്കുന്നില്ലെന്നതിലാണു സംവിധായകന്റെ കൈയടക്കം. ഒരു ചരിത്രത്തെ ഡോക്യുഫിക്ഷന്‍ എന്ന നിലയില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പരിമിതികളെ ആഖ്യാനത്തിന്റെ വൈവിധ്യം കൊണ്ട് മറികടന്നിരിക്കുന്നു സംവിധായകനായ ശ്രീജിത്ത് പൊയില്‍ക്കാവ്.
എടുത്തുപറയേണ്ട ഒരു പ്രത്യേകത ഇതിന്റെ കാസ്റ്റിങ് തന്നെയാണ്. മോയിന്‍കുട്ടിയുടെ കൗമാരം ചെയ്ത ഋതിക് ശ്രീകുമാറും യൗവനം ചെയ്ത ഇര്‍ഷാദും വൈക്കം മുഹമ്മദ് ബഷീറായി മാറിയ ഷൈജുവും കുട്ടിഫാത്തിമയായി മാറിയ പസ്‌ക്കിയും മോയിന്‍കുട്ടിയുടെ പിതാവായി രൂപംമാറിയ ഷൈജു ഒളവണ്ണയും മുത്തപ്പയായി അഭിനയിച്ച ആബിദും കഥാപാത്രങ്ങളായി ജീവിക്കുക തന്നെയായിരുന്നു. ഒരു ചരിത്രപുരുഷന്റെ കാവ്യജീവിതത്തിനു മിഴിവേകുമ്പോള്‍ പാലിക്കേണ്ട എല്ലാ സൂക്ഷ്മതയോടുംകൂടി തന്നെയാണ് 'ഇശലുകളുടെ സുല്‍ത്താന്‍' ഒരുക്കിയിട്ടുള്ളത്. സാധ്യമായ എല്ലാ ചരിത്രരേഖകളും പോയകാലത്തെ തലമുറകളുടെ ഓര്‍മകളും സ്വരൂപിച്ചാണു നാടകത്തിന്റെ പ്രാഥമികരൂപം ചമച്ചത്. കാവ്യസുഗന്ധം പൊഴിച്ച് അവര്‍ നടന്നുതീര്‍ത്ത കൈവഴികളിലൂടെയുള്ള ഒരു യാത്ര തന്നെയാണ് ഈ ദൃശ്യാനുഭവം.
നാടകത്തില്‍ കഥപറയുന്നത് വൈക്കം മുഹമ്മദ് ബഷീര്‍ ആകുമ്പോള്‍ അതിനൊരു കാവ്യാത്മകതയുണ്ട്. അതൊരു കഥപറച്ചിലല്ല, ഒരു കാലത്തെ തന്നെ നമുക്കുമുന്നില്‍ പരത്തിവച്ച് അതിലേക്കുള്ള ഒരു നടന്നുകയറലാണ്. കാഴ്ചയുടെ കൗതുകം വിട്ട് പലപ്പോഴും ഈ രംഗഭാഷ ഗൗരവതരമായ കലഹവും കലാപവുമായി മാറുന്നുണ്ട്. ആനന്ദിപ്പിക്കുന്ന സംഗീതത്തില്‍നിന്നു ചെറുത്തുനില്‍പ്പിന്റെ മുദ്രാവാക്യമായിമാറി അരുതായ്മകളോടുള്ള സന്ധിയില്ലാ സമരവും വിപ്ലവവുമായി മാറുന്നുണ്ട് 'ഇശലുകളുടെ സുല്‍ത്താന്‍'. ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും ഒരുക്കുന്ന പ്രണയപാരവശ്യത്തിന്റെ മാന്ത്രികലോകത്ത് അഭിരമിക്കുന്നവരെ തന്നെയാണ് വൈദേശികാധിപത്യത്തിനെതിരേ വാളെടുപ്പിക്കുന്നത്. ബദര്‍ കിസ്സപ്പാട്ടിന്റെ ഗതകാലസ്മൃതികളില്‍ ലയിച്ചിരിക്കുന്നവരെ തന്നെയാണു പിറന്നനാടിന്റെ മോചനസമരത്തിന്റെ പടപ്പാട്ടുകാരാക്കുന്നത്. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും നീട്ടിക്കെട്ടിയ ഈണങ്ങളുടെ ലോലമായ തന്ത്രികളിലാണു പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും കാലാതീതമായ ഇശലുകള്‍ തീര്‍ക്കുന്നത്.
താന്‍ സ്‌നേഹിക്കപ്പെടുന്നതു തിരിച്ചറിയുന്ന ലജ്ജാവിവശനായി മോയിന്‍ തന്നെയാണ് വൈദേശിക വേതാളങ്ങള്‍ക്കുമുന്നില്‍ വാഗ്മൂര്‍ച്ഛ കൊണ്ടു നെഞ്ചുയര്‍ത്തി നില്‍ക്കുന്നത്. ചെറിയൊരു ജീവഘട്ടം കൊണ്ട് ഒരു തലമുറയുടെ മുഴുവന്‍ പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും അവധൂതനായി മാറിയ മോയിന്‍കുട്ടിയുടെ ജീവിതം ഇതിലും നന്നായി എങ്ങനെയാണ് അവതരിപ്പിക്കാനാകുക. 'ഇശലുകളുടെ സുല്‍ത്താന്‍' നമ്മുടെ ഭൂതകാലത്തേക്കു തിരിച്ചുപിടിച്ചൊരു കണ്ണാടിയാണ്. വര്‍ത്തമാനത്തെ പോലും വികലമായി അവതരിപ്പിച്ചു വാഴുന്നവരുടെ അഭീഷ്ടത്തിനു പാത്രീഭൂതരാകാന്‍ മത്സരിക്കുന്ന പുതിയ കാലത്തോടു സമരസപ്പെടാതെ ഭൂതകാലത്തിന്റെ നേരുകളെ പുതിയ കാലത്തിനു സമര്‍പ്പിച്ചു വര്‍ത്തമാന സമരങ്ങള്‍ക്ക് അഗ്‌നി പകരുകയാണത്.
മലപ്പുറം പടപ്പാട്ടുകള്‍ നിരോധിച്ച് അവ കണ്ടുകെട്ടി കത്തിച്ചുകളയാന്‍ വരുന്ന വൈദേശികദൂതന്മാരോട് 'മോയിന്‍കുട്ടിയുടെ പാട്ടുകള്‍ ജീവിക്കുന്നത് അച്ചടികളിലും കടലാസുകഷണങ്ങളിലുമല്ല, ആയിരങ്ങളുടെ മനസുകളിലാണെന്നും അത് ഒരു അഗ്‌നിക്കും തൊടാനാകില്ലെന്നും അവ തലമുറകളില്‍നിന്നു തലമുറകളിലേക്കു പകരുന്ന അഗ്‌നിസാക്ഷ്യങ്ങളാണെന്നും' വിളിച്ചുപറയുന്നുണ്ട് മോയിന്‍. കാഴ്ചക്കാര്‍ അന്നേരം ഇരിപ്പിടങ്ങളില്‍നിന്ന് എഴുന്നേറ്റു കരഘോഷം മുഴക്കുന്നുണ്ട്. ചരിത്രത്തിന്റെ അപനിര്‍മിതികളില്‍ മുഖം നഷ്ടപ്പെട്ടുപോയ വിപ്ലവകാരികള്‍ അന്നേരം നമുക്കിടയിലേക്കു ശബ്ദമില്ലാത്ത മുദ്രാവാക്യങ്ങള്‍ മുഴക്കി ഇറങ്ങിവരികയാണ്. ഒരു രംഗഭാഷ എങ്ങനെ ചരിത്രത്തോടു നീതിപുലര്‍ത്തുന്നുവെന്നും ആനുകാലികസമസ്യകളോട് എങ്ങനെ സംവദിക്കുന്നുവെന്നും 'ഇശലുകളുടെ സുല്‍ത്താന്‍' നാടകം കഴിഞ്ഞിറങ്ങുമ്പോഴും കൂടെ വന്നു നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
25ഓളം നാടകങ്ങള്‍ രചിക്കുകയും നൂറോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ശ്രീജിത് പൊയില്‍ക്കാവാണ് 'റിഥം ഹൗസ് ഓഫ് പെര്‍ഫോമിങ് ആര്‍ട് ഗ്രൂപ്പി'നുവേണ്ടി നാടകം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം, ഷാര്‍ജാ കേരള സോഷ്യല്‍ സെന്ററില്‍ തിയറ്റര്‍ ക്രിയേറ്റിവിനു വേണ്ടി ചെയ്ത 'അരാജകവാദിയുടെ അപകടമരണ'ത്തിനു മികച്ച സംവിധായകനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പോയവര്‍ഷങ്ങളില്‍ സംഗീത-നാടക അക്കാദമിയുടെ രചനക്കും സംവിധാനത്തിനുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
നാടകത്തിനു പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സത്യജിത്ത്. സംഗീതം കോഴിക്കോട് അബൂബക്കര്‍, സിറാജ്. മോയിന്‍കുട്ടി വൈദ്യരുടെ വരികള്‍ക്കൊപ്പം ബാപ്പു വെള്ളിപ്പറമ്പ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ രചനയും. ദീപവിതാനം, സാങ്കേതിക സംവിധാനം: മജീദ് കോഴിക്കോട്. സഹസംവിധാനം: അഭിലാഷ് എ.വി, നിര്‍മാണം: മജീദ് കോഴിക്കോട് നൂറോളം കലാകാരന്മാരാണു നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."