കപ്പലേറിയൊരു ഹജ്ജ് യാത്ര
1978 സെപ്റ്റംബര്‍ 28. ഏറെകാലത്തെ മാനസിക ഒരുക്കങ്ങള്‍ക്കും ഒട്ടേറെ ദിവസങ്ങളുടെ തയാറെടുപ്പുകള്‍ക്കും ശേഷമുള്ള ഒരു പുറപ്പാടായിരുന്നു അത്. കൊച്ചുന്നാളില്‍ മദ്‌റസയില്‍നിന്നു നിത്യേന ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചൊല്ലിപ്പഠിച്ചിരുന്ന, ഇസ്‌ലാംകാര്യങ്ങള്‍ അഞ്ചാണെന്നും അഞ്ചാമത്തേത് തടിയാലും മുതലാലും വഴിയാലും ആവതുള്ളവര്‍ കഅ്ബത്തിങ്കല്‍ പോയി ഹജ്ജ് ചെയ്യലാണെന്നുമുള്ള ആ ബാലപാഠങ്ങള്‍ മനസില്‍ കരുതി ഉറപ്പിച്ചുള്ള പുറപ്പാട്. മക്കയും മദീനയും മുത്തുനബിയും കഅ്ബയും റൗദയുമൊക്കെ നിരന്തരമായ മദ്‌റസാ പഠനാവര്‍ത്തനങ്ങളിലൂടെ കൊച്ചുഖല്‍ബില്‍ കൊത്തിവച്ചതു പോലെ മുദ്രണം ചെയ്ത കാര്യങ്ങളാണ്. ശാരീരികവളര്‍ച്ചയ്ക്കും മാനസിക വികാസത്തിനുമനുസരിച്ച് ഹജ്ജ് ചെയ്യാനും പുണ്യസ്ഥലങ്ങള്‍ പുല്‍കാനും പുണരാനുമുള്ള പൂതി ആധിയായി അകതാരില്‍ അലതല്ലുമായിരുന്നു, എപ്പോഴും.
എണ്ണയും പൊന്നും പൊട്ടിയൊഴുകിയതോടെ എണ്ണമറ്റ ആളുകളെ പുണ്യഭൂമി ഉള്‍ക്കൊള്ളുന്ന സഊദിയിലേക്ക് ആവശ്യമുണ്ടെന്ന അറിവ് ഒരു അശരീരി കണക്കെ മലയാളികളുടെ കാതുകളിലും മലബാരികളുടെ മനസുകളിലും മുഴങ്ങിയപ്പോള്‍ ഹജ്ജ് വിസയിലും മറ്റുമൊക്കെയാണ് അന്നത്തെ ചെറുപ്പക്കാരൊക്കെ അക്കരെപറ്റാന്‍ പാടുപെടുന്ന സമയം കൂടിയായിരുന്നു അത്.
നാടടക്കി, വീടടക്കിയുള്ള യാത്രപറച്ചില്‍. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാനായുള്ള പാച്ചില്‍. ചൂടികൊണ്ട് നന്നായി വരിഞ്ഞു കെട്ടാനറിയുന്ന വിദഗ്ധരെക്കൊണ്ട് കെട്ടിച്ച പത്തായ സമാനമായ വലിയ തകരപ്പെട്ടിയിലാണ് എല്ലാം സൂക്ഷിക്കുക. നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം തിരിച്ച് നാടണയുന്നതുവരെ ഭക്ഷണത്തിന് ആവശ്യമായ അരി, ചെറിയ അരി, അവില്‍, മല്ലി, മുളക്, മഞ്ഞള്‍...അങ്ങനെ പോകുന്നു പെട്ടിയിലാക്കുന്ന സാധനസാമഗ്രികള്‍. കൊമ്പനാദി ഗോരാജനാദി ഗുളികകള്‍, ഇഹ്‌റാമിനടക്കം ആവശ്യമായ വസ്ത്രങ്ങള്‍, ഹജ്ജ് ഗൈഡ്, മുസ്ഹഫ്, വെക്കാനും വിളമ്പിക്കഴിക്കാനുമുള്ള പാത്രങ്ങള്‍, പണം സൂക്ഷിക്കാനായി അരയില്‍ ബെല്‍റ്റ് പോലെ കെട്ടുന്ന സ്‌പെഷല്‍ തുണിസ്സഞ്ചി...എല്ലാം മുന്‍പേ ഹജ്ജിനു പോയി പരിചയിച്ച പഴമക്കാരില്‍നിന്നു ലഭിച്ച ഉപദേശനിര്‍ദേശങ്ങള്‍ക്കനുസരിച്ചു സജ്ജമാക്കി. ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ ബോംബൈയിലേക്കുള്ള ട്രെയിനില്‍ സീറ്റ് റിസര്‍വ് ചെയ്ത് ഉറപ്പുവരുത്തിയിരുന്നു
സെപ്റ്റംബര്‍ 28ന്റെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മഞ്ചേരിയില്‍നിന്ന് പാലക്കാട്ടേക്കുള്ള സ്വകാര്യ ബസില്‍ ഒലവക്കാട്ടേക്ക് കൂട്ടുകുടുംബങ്ങളുടെ കൂട്ടബാങ്കിന്റെ അമരധ്വനിയോടെയായിരുന്നു പുറപ്പാട്. ഏറെനാട്ടില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരൊക്കെയും ഏറെകാലമായി ട്രെയിന്‍ കയറാന്‍ ഒലവക്കാട്ടേക്ക് യാത്രയായിരുന്നത് ഈ ബസിലായിരുന്നു. അര്‍ധരാത്രിക്കും ശേഷമാണ് ട്രെയിന്‍ പുറപ്പെടുന്നതെങ്കിലും വീട്ടില്‍നിന്നു പുലര്‍ച്ചെക്കുതന്നെ ഇറങ്ങും.
കശ്മിരികളടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകരും അവരെ യാത്രയാക്കാനായി കൂട്ടമായി എത്തിയിട്ടുള്ള കൂട്ടുകുടുംബങ്ങളുമൊക്കെയായി നാലു നിലകളിലുള്ള വിശാലമായ മുസാഫര്‍ഖാനയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എവിടെയും വെപ്പും തീനും കൂട്ടത്തില്‍ ഉറുദിയും ഉപദേശങ്ങളും. പണ്ട് സി.എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ചതു പോലെ മുസാഫര്‍ഖാന ശരിക്കുമൊരു വിശ്വവിദ്യാലയം തന്നെ
മൂന്നു ദിവസത്തെ യാത്രയ്ക്കുശേഷം ബോംബെ വി.ടി സ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്ന് സാബു സിദ്ദീഖ് മുസാഫര്‍ഖാനയിലെത്തി. കശ്മിരികളടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകരും അവരെ യാത്രയാക്കാനായി കൂട്ടമായി എത്തിയിട്ടുള്ള കൂട്ടുകുടുംബങ്ങളുമൊക്കെയായി നാലു നിലകളിലുള്ള വിശാലമായ മുസാഫര്‍ഖാനയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എവിടെയും വെപ്പും തീനും കൂട്ടത്തില്‍ ഉറുദിയും ഉപദേശങ്ങളും. പണ്ട് സി.എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ചതു പോലെ മുസാഫര്‍ഖാന ശരിക്കുമൊരു വിശ്വവിദ്യാലയം തന്നെ. യാത്രാനുമതി ലഭിക്കാത്ത ഒട്ടേറെ മലയാളി ചെറുപ്പക്കാര്‍, നേരത്തെ പണമടച്ച് അപേക്ഷിച്ച തെളിവിന്റെ പിന്‍ബലത്തില്‍ കപ്പലില്‍ വല്ല ഒഴിവുമുണ്ടായാല്‍ കയറിപ്പറ്റാനാകുമോയെന്ന ഭാഗ്യാന്വേഷണവുമായി എത്തിയിട്ടുണ്ടായിരുന്നു. പണം മാറല്‍, ഹജ്ജ് പാസ്‌പോര്‍ട്ട് സമ്പാദിക്കല്‍ തുടങ്ങി യാത്രാസംബന്ധമായ സര്‍വകാര്യങ്ങളും അന്ന് മുസാഫര്‍ഖാനയില്‍ വച്ചായിരുന്നു ശരിയാക്കിയിരുന്നത്. ഒരാഴ്ചക്കാലത്തെ മുസാഫര്‍ഖാനാ ജീവിതം വല്ലാത്തൊരു അനുഭവാനുഭൂതിയായി. ജീവിതത്തില്‍ ആദ്യമായി നാടും വീടും വിട്ടുവന്നവരായിരുന്നു അവിടെയുണ്ടായിരുന്ന തീര്‍ഥാടകരില്‍ മിക്കവരും. വിവിധ ഭാഷക്കാരും ദേശക്കാരും വേഷക്കാരുമായ തീര്‍ഥാടകരുടെ ഓരോ ഇടപെടലുകളും മലയാളിക്ക് ഏറെ പുതുമയുണര്‍ത്തുന്നതായിരുന്നു. നൂര്‍ ജിഹാന്‍, അക്ബര്‍ എന്നീ കപ്പലുകളായിരുന്നു തീര്‍ഥാടകരെ ബോംബെയില്‍നിന്ന് സഊദിയിലേക്ക് കൊണ്ടുപോയിരുന്നതും തിരിച്ചുകൊണ്ടിറക്കിയിരുന്നതും. നൂര്‍ജിഹാനായിരുന്നു ഞങ്ങള്‍ക്കു നിശ്ചയിച്ചിരുന്ന കപ്പല്‍.
വീട്ടില്‍നിന്നു പുറപ്പെട്ടു പതിനൊന്നാം ദിവസമാണ് കപ്പലില്‍ കയറിയത്. 1,800ത്തോളം തീര്‍ഥാടകരും ഇരുന്നൂറോളം വരുന്ന കപ്പല്‍ജീവനക്കാരും അത്രയും പേരുടെ ക്വിന്റല്‍ കണക്കിനുള്ള ലഗേജുകളും, ജിദ്ദയിലെത്തുന്നതുവരെ ഏതാണ്ട് രണ്ടായിരത്തോളം പേര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളേണ്ട കപ്പലിന്റെ വിശാലതയും വിസ്തൃതിയും ഊഹിക്കാമല്ലോ? മാത്രമല്ല, വിശാലമായ ഹോട്ടല്‍, ആശുപത്രി, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, വിശാലമായ കിച്ചന്‍, വിശ്രമമുറികള്‍, സിനിമാഹാള്‍ അടക്കമുള്ള സൗകര്യങ്ങളാല്‍ സമ്പന്നമായിരുന്നു കപ്പലിന്റെ ഉള്ളകം. കാലാവസ്ഥ ഏറെ അനുകൂലമായിരുന്നതുകൊണ്ട് ചെറിയ തലകറക്കം, ഛര്‍ദി തുടങ്ങിയവ ഒഴിച്ച് കാര്യമായ പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊന്നുമില്ലാതെ അറബിക്കടലിന്റെ തിരമാലകളെ വകഞ്ഞുമാറ്റിക്കൊണ്ടുള്ള ആ യാത്ര അവാച്യമായ ഒരു അനുഭവം തന്നെയായിരുന്നു.
അഞ്ചു വഖ്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും അല്ലാത്തപ്പോഴും വിവിധ സംഘങ്ങളുടെയും മതപണ്ഡിതരുടെയും ഹൃദയസ്പൃക്കായ പ്രഭാഷണങ്ങള്‍ പതിവായിരുന്നു. കൂട്ടത്തില്‍ വടക്കേ മലബാറിലെ സുപ്രസിദ്ധ വാഗ്മിയായിരുന്ന എം.എ മൗലവി വിലാതപുരത്തിന്റെ പ്രഭാഷണം പ്രത്യേകം എടുത്തുപറയേണ്ടതാണ്. അങ്ങേയറ്റം വികാരനിര്‍ഭരമായിരുന്നു ആ പ്രഭാഷണത്തിലെ ഓരോ വാക്കും. ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന വശ്യസുന്ദരമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഗള്‍ഫില്‍ ജോലികൂടി ലക്ഷ്യംവച്ചു പുറപ്പെട്ട ചെറുപ്പക്കാര്‍ കൂടി കപ്പലിലുണ്ടായിരുന്നതു കൊണ്ട് അവരെ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. മനസിന്റെ ആഴങ്ങളിലേക്കു പതിക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ട് കേള്‍വിക്കാരൊക്കെയും പ്രത്യേകിച്ച് ചെറുപ്പക്കാരെല്ലാം കണ്ണീര്‍വാര്‍ത്തു കരയുന്ന രംഗം ഇന്നും മറക്കാതെ മനസില്‍ കിടപ്പുണ്ട്. ഭക്ഷണം യഥാസമയം ഓരോരുത്തരുടെയും സീറ്റുകളില്‍ എത്തിച്ചുതരും. ചെറിയ അരിക്കഞ്ഞി ആവശ്യമുള്ളവര്‍ക്ക് നുറുക്കരി അടുക്കളയില്‍ കൊടുത്താല്‍ അതു ലഭിക്കും.
ഏദനില്‍നിന്നു വെള്ളം നിറക്കാന്‍ ഏതാനും മണിക്കൂര്‍ കപ്പല്‍ നങ്കൂരമിട്ടതൊഴിച്ചാല്‍ എട്ടാം ദിവസം കപ്പല്‍ ഇറങ്ങുന്നതുവരെയും അറബിക്കടലിന്റെ വിരിമാറിലൂടെയുള്ള ആ അതിസാഹസികമായ അനുസ്യൂതയാത്ര ഓരോരുത്തരുടെയും ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി മാറി. ഇഹ്‌റാം കെട്ടാനുള്ള മീഖാത്തിന്റെ അതിര്‍ത്തിയായ യലംലമില്‍ പ്രവേശിച്ചതായുള്ള അറിയിപ്പ് ലഭിച്ചു. എല്ലാവരും കുളിച്ചൊരുങ്ങി ഇഹ്‌റാമില്‍ പ്രവേശിച്ചു. രണ്ടു ദിവസത്തിനകം തുറമുഖമണയുമെന്ന പ്രതീക്ഷയും മനസുകളിലും പ്രവര്‍ത്തികളിലും ശരീരത്തിലുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യേകമായ ആത്മീയ പരിവര്‍ത്തനങ്ങളും എല്ലാവരെയും കോള്‍മയിര്‍കൊള്ളിച്ചുകൊണ്ടിരുന്നു. എട്ടു ദിവസത്തെ കടല്‍യാത്രയ്ക്കു ശേഷം ഇറങ്ങാന്‍ നേരം കപ്പലില്‍നിന്നു കണ്ടു പരിചയപ്പെട്ട പലരുമായും പല വഴിക്കു പിരിയുന്ന രംഗം വേദനാജനകമായി. ജിദ്ദാ കസ്റ്റംസിലെ അറബിപ്പയ്യന്മാരടങ്ങുന്ന ലഗേജ്, പാസ്‌പോര്‍ട്ട് പരിശോധകരുടെ എല്ലാ അന്വേഷണങ്ങളും കഴിഞ്ഞ് മദീനത്തുല്‍ ഹുജ്ജാജിലായിരുന്നു അന്നത്തെ താമസവും വിശ്രമവും.
പിറ്റേന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ പുണ്യമക്കയിലേക്കു പുറപ്പെട്ടു. അന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പാസ്‌പോര്‍ട്ട് ഓരോരുത്തരുടെയും കൈവശം തിരികെനല്‍കിയിരുന്നതു കൊണ്ട് മുത്വവ്വിഫിന്റെ നിയന്ത്രണത്തിലോ സ്വന്തം നിലക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലുള്ള ഹജ്ജ് കര്‍മങ്ങള്‍ക്കും സിയാറത്തിനായും അപ്രകാരം ഇഷ്ടാനുസരണം പോകാനായി. മുത്വവ്വിനു നല്‍കേണ്ട പൈസ കഴിച്ചേ ബാക്കി റിയാല്‍ കൈയില്‍ തരുമായിരുന്നുള്ളൂ. സഊദി സര്‍വരംഗത്തും വികസനത്തിലേക്ക് ചിറകടിച്ചുപറക്കാന്‍ വെമ്പിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്ന്. ഹറമില്‍, മത്വാഫില്‍, സ്വഫാമര്‍വയില്‍, അറഫയില്‍, മിനയില്‍, മദീനയില്‍ എന്നു വേണ്ട എല്ലായിടത്തും ഇന്നത്തെ അപേക്ഷിച്ചു സൗകര്യങ്ങള്‍ വളരെ ശുഷ്‌കം. പുരാതനമട്ടിലുള്ള നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങളായിരുന്നു എവിടെയും. എ.സിയോ ഫാനോ ഒന്നുമില്ലാതെ കുടുസുമുറികളില്‍ എട്ടും പത്തും ഹാജിമാര്‍ തിങ്ങിവിങ്ങിപ്പാര്‍ത്തു. പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം പറ്റെ താഴെനിന്നു ചുമന്നു കൊണ്ടുവരണം.
നാട്ടില്‍നിന്നു കൊണ്ടുപോയ അരികൊണ്ട് ചോറും കഞ്ഞിയുമുണ്ടാക്കി കഴിച്ചും അവില്‍ കടിയാക്കി ചായ കാച്ചിക്കുടിച്ചും അവില്‍വെള്ളമുണ്ടാക്കി രുചിച്ചുമൊക്കെയാണ് മലയാളി തീര്‍ഥാടകര്‍ ദാഹവും വിശപ്പുമൊക്കെ ശമിപ്പിച്ചത്. കൂടെ യഥേഷ്ടം സംസംജലവും. ഉരുകിയൊലിക്കുന്ന കൊടുംചൂടില്‍ ഹറമിലേക്ക് പകല്‍നേരങ്ങളിലുള്ള പോക്കും വരവും ക്ലേശംനിറഞ്ഞതായിരുന്നു. ഏറെ സമയവും പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി മുറിക്കുള്ളില്‍ കഴിച്ചുകൂട്ടുകയായിരുന്നു എല്ലാവരും.
കത്തുകള്‍ മാത്രമായിരുന്നു ഒരേയൊരു വാര്‍ത്താവിനിമയമാര്‍ഗം. കത്തുകള്‍ തന്നെ വളരെ വൈകിയേ അങ്ങുമിങ്ങും ലഭ്യമായിരുന്നുള്ളൂ. നാട്ടില്‍നിന്നു പുറപ്പെട്ട് ഒരു മാസമാകുമ്പോഴായിരിക്കും അവിടെയെത്തിയ വിവരവും മറ്റും വീട്ടുകാര്‍ കത്തുമുഖേനെ അറിഞ്ഞിരിക്കുക.
മക്കയിലെയും മദീനയിലെയും കെട്ടിടങ്ങള്‍ക്കെല്ലാം ഒരു പുരാതന പ്രൗഢിയും പെരുമയുമുണ്ടായിരുന്നു. ഇന്ന് വിശുദ്ധ കഅ്ബ, ഹജറുല്‍ അസ്‌വദ്, ഇബ്‌റാഹീം മഖാം, മദീനയില്‍ റൗദാ ശരീഫ് ഒഴിച്ചുള്ള എല്ലാത്തിലും കാലം അതിന്റെ മാറ്റങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. അറഫയിലും മിനയിലും മുസ്ദലിഫയിലുമൊക്കെ പുതിയകാലം കൊണ്ടുവന്ന വമ്പിച്ച മാറ്റങ്ങള്‍ പഴയ ഹാജിമാരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. പുരാതനമായ മക്ക എന്ന പൈതൃകഭൂമിക ഇന്ന് ആധുനികഭാവങ്ങളോടെ എല്ലാം മലര്‍ക്കെ തുറന്നുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."