തോട്ടം മേഖല വീണ്ടും സമരമുഖത്തേക്ക്
മേപ്പാടി: ഓണം, പെരുന്നാള്‍ ആഘോങ്ങള്‍ ഒന്നിച്ചെത്തിയിട്ടും ആഘോഷപ്പൊലിമയില്ലാതെ തോട്ടം മേഖല. ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ദുരിതമാകുന്നത്. ഇതോടെ തോട്ടം മേഖല വീണ്ടും സമരമുഖത്തേക്ക് നീങ്ങുകയാണ്.
മറ്റെല്ലാ മേഖലകളിലും തൊഴിലാളികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും ഓണാഘോഷത്തിനായി വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ പ്രമുഖ കമ്പനികള്‍ തയാറായിട്ടില്ല. ബോണസുമായി ബന്ധപെട്ട് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ പങ്കെടുത്തിരുന്നില്ല.
മാനേജമെന്റ് ഇത്തരത്തില്‍ നിസ്സഹകരണം തുടര്‍ന്നാല്‍ പണിമുടക്ക് ഉള്‍പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍. ഏറെ തൊഴിലാളികളുള്ള ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി ഇതുവരെ ബോണസ് പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ വരെ ബോണസ് നല്‍കാന്‍ സമയമുണ്ട് എന്നതാണ് കമ്പനികളെ പിന്നോട്ടടിക്കുന്നത്.
ഓണവും പെരുന്നാളും ഒന്നിച്ചെത്തിയതോടെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കണമെന്ന് വിവിധ ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ലേബര്‍ ഓഫിസര്‍ യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് തോട്ടം മേഖലയിലെ കമ്പനികളെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു.
മാസങ്ങളോളം അടച്ചിട്ട ശേഷം ഇപ്പോള്‍ തുറന്ന ചെമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. മറ്റു എസ്‌റ്റേറ്റുകളിലെ തൊഴിലാളികളുടേയും സ്ഥിതി മറിച്ചല്ല.
ജി.എസ്.ടി നടപ്പിലായതിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റ് തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാതെ അലംഭാവം തുടരുന്നത്. മാനേജ്‌മെന്റുകള്‍ എത്രയും പെട്ടന്ന് അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഈമാസം 28 മുതല്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍ സി.ഐ.ടി.യു മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
ഇതോടെ ഒരിടവേളക്ക് ശേഷം തോട്ടം മേഖല വീണ്ടും സമരമുഖത്തേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."