നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാത അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക്; ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രി ജി.സുധാകരനാണെന്ന് ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍.
ഈ വീഴ്ച മറച്ചുവെക്കാനാണ് മന്ത്രി കര്‍ണാടകയെ കുറ്റം പറയുന്നത്. റെയില്‍വേയുടെ ചാര്‍ജുള്ള മന്ത്രിയായതിനുശേഷം പാതക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. പാതയുടെ അനുമതിക്കായി ചര്‍ച്ചക്കുപോയ ചീഫ് സെക്രട്ടറിയെക്കൊണ്ട് തലശേരി-മൈസൂര്‍ പാതയുടെ സര്‍വേക്ക് അനുമതി ലഭിപ്പിച്ച് നഞ്ചന്‍കോട് പാത അട്ടിമറിക്കുകയാണ് ചെയ്തത്.
റയില്‍വേക്കുവേണ്ടി വയനാട്ടുകാര്‍ ചാടേണ്ട എന്നും കര്‍ണാടകയാണ് ശത്രുവെന്നും മന്ത്രി പറഞ്ഞതില്‍ യോഗം പ്രതിഷേധിച്ചു. പാതക്കുവേണ്ടി വയനാട്ടുകാര്‍ വര്‍ഷങ്ങളായി പ്രക്ഷോഭ രംഗത്താണ്. ജനങ്ങള്‍ നടത്തിയ സമരഫലമായാണ് കേന്ദ്രസര്‍ക്കാര്‍ പാത അനുവദിച്ചതും, കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ ഇടംപിടിച്ചതും. കര്‍ണാടക ശത്രുവാണെന്ന് മന്ത്രി പ്രസ്താവിച്ചതിലൂടെ കര്‍ണാടകയില്‍ ജോലി ചെയ്തും, കൃഷി ചെയ്തും ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.
കേരളത്തില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് മലയാളികള്‍ക്ക് കര്‍ണാടകയിലേക്ക് പോകേണ്ടിവന്നത്. മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. മന്ത്രി കര്‍ണാടക മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സന്ദര്‍ശിച്ച് റെയില്‍പാതയുടെ തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി.വി. ജോസഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."