കുഴിനക്കിപ്പാറ പാലം ശിലാസ്ഥാപനവും കൂമ്പാറ -തോട്ടുമുക്കം റോഡ് നവീകരണ ഉദ്ഘാടനവും നാളെ
മുക്കം: മലയോര ജനതയുടെ രണ്ട് സ്വപ്ന പദ്ധതികള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കുഴിനക്കിപ്പാറ കോണ്‍ക്രീറ്റ് പാലത്തിന്റെ ശിലാസ്ഥാപനവും പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്‌ക്കരമായ കൂമ്പാറ, തോട്ടുമുക്കം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും നാളെ രാവിലെ 10ന് നോട്ടുമുക്കം പാരീഷ് ഹാളില്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും.
9.5 കിലോമീറ്റര്‍ ദൂരമുള്ള തോട്ടുമുക്കം കൂമ്പാറ റോഡ് ഏഴര കോടി രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്. 1987 ല്‍ നിര്‍മിച്ച റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസഹമായ സാഹചര്യത്തിലാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. നിര്‍ദിഷ്ട മലയോര ഹൈവേയുമായും കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയുമായും ബന്ധിപ്പിക്കുന്നതുമാണ് ഈ റോഡ്.
താമരശേരി ചുരം റോഡിന് ബദലായ തുരങ്കപ്പാത യാഥാര്‍ഥ്യമായാല്‍ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും റോഡ് ഉപകാരപ്രദമാവും. 100 വര്‍ഷത്തിലധികം പഴക്കമുള്ള കുഴി നക്കിപ്പാറ ഇരുമ്പുപാലം 1992 ലാണ് തോട്ടുമുക്കത്ത് സ്ഥാപിച്ചത്. കാലപ്പഴക്കം കാരണം തകര്‍ച്ച നേരിടുന്ന ഈ പാലം പൊളിച്ചു മാറ്റി ഇവിടെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിന് 4.8 കോടി രൂപയും അനുവദിച്ചു.
ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജോണി എടശേരി, സി.ടി.സി അബ്ദുല്ല, വി.കെ അബൂബക്കര്‍, പി.ജെ അഗസ്റ്റിന്‍, ഒ.എ ബെന്നി, എ.എം റഹ്മാന്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."