ശാപമോക്ഷം കാത്ത് മരുതോങ്കര മുള്ളന്‍കുന്ന് റോഡ്
കുറ്റ്യാടി: മലയോര മേഖലയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കുറ്റ്യാടി മുള്ളന്‍കുന്ന്- മരുതോങ്കര റോഡ് ശാപമോക്ഷം തേടുന്നു. ഈ റോഡിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ട് അപകട ഭീഷണിയുയര്‍ത്തിയിട്ടും അധികൃതരാരും കണ്ടമട്ടില്ല.
കുറ്റ്യാടി ചെറുപുഴ പാലം കഴിഞ്ഞാല്‍ അടുക്കത്ത് ഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അടുക്കത്ത് കുളിക്കുന്ന പാറക്കടുത്തും മുണ്ടക്കുറ്റി കനാല്‍ പാലത്തിനടുത്തും മുണ്ടക്കുറ്റി അക്വഡേറ്റിന് താഴെയും മുള്ളന്‍കുന്നിനടുത്ത് സെമിത്തേരിമുക്കിലും റോഡിന്റെ പല ഭാഗങ്ങളിലും മധ്യഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമടക്കമുള്ള ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം പറ്റുന്നതും പതിവാണ്. മുള്ളന്‍ കുന്ന് അങ്ങാടിമുതല്‍ മരുതോങ്കരവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളും പൊട്ടിതകര്‍ന്നത് കാരണം വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും ചെറുവാഹനങ്ങള്‍ക്ക് കഴിയുന്നില്ല.
സ്വകാര്യബസുകളും ടാക്‌സിജീപ്പുകളും ചെറുവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നൂറ് കണക്കിന് യാത്രാവാഹനങ്ങള്‍ക്ക് പുറമെ മരുതോങ്കര പഞ്ചായത്തിലെ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കരിങ്കല്‍ ക്വാറികളില്‍ നിന്നും ക്രഷര്‍ യൂനിറ്റുകളില്‍ നിന്നുമുള്ള ഭാരം കയറ്റിയ ടിപ്പര്‍ലോറികളും കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്കുകളും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണിത്.
റോഡ് വീതികൂട്ടി ടാറിങ് നടത്താന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പ ്ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കിലും ചില ഭാഗങ്ങളില്‍ കുഴിയടച്ചതെല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. നിരന്തരം പ്രകൃതിക്ഷോഭങ്ങളും മറ്റു അപകടങ്ങളും ഉണ്ടാവുന്ന മേഖലയിലെ പ്രധാന റോഡായ കുറ്റ്യാടി മുള്ളന്‍കുന്ന് റോഡ് ശാസ്ത്രീയമായി പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയുള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കരിങ്കല്‍ ക്വാറികളില്‍നിന്നും ക്രഷര്‍ യൂണിറ്റുകളില്‍നിന്നുമുള്ള ഭാരം കയറ്റിയ വാഹനങ്ങള്‍ നിരന്തരം പോകുന്നതാണ് റോഡ് തകര്‍ച്ചക്ക് ഇടയാക്കുന്നതെന്നാണ് നാട്ടുകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."