പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം: കര്‍ശന നടപടിയെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ദലിതര്‍ക്കെതിരേ നടക്കുന്ന അതിക്രമത്തെ ചൊല്ലി ലോക്‌സഭയില്‍ നടന്ന ചര്‍ച്ച അഞ്ചര മണിക്കൂറോളം നീണ്ടു കോണ്‍ഗ്രസ് ബി.ജെ.പി ഏറ്റുമുട്ടലായി.
പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ദാദ്രി മുതല്‍ ഉന വരെയുള്ള സംഭവങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി.
കോണ്‍ഗ്രസ് ഭരണകാലത്തെ ദലിത് പീഡന സംഭവങ്ങള്‍ ഉയര്‍ത്തി ബി.ജെ.പിയും തിരിച്ചടിച്ചു. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിങിന്റെ മറുപടി ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോക്ക് നടത്തി. എല്ലാകാര്യത്തിനും പ്രധാനമന്ത്രി സഭയില്‍ വന്ന് മറുപടി പറയേണ്ടതില്ലെന്നു വ്യക്തമാക്കി രാജ്‌നാഥ് സിങ് ദലിത്‌ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കുന്ന സര്‍ക്കാറാണ് മോദിയുടേതെന്നും അവകാശപ്പെട്ടു.
സ്വന്തം ഭരണത്തില്‍ നടക്കുന്ന ദലിത് പീഡനം കാണാതിരിക്കുകയും എതിരാളികളുടെ സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങള്‍ പര്‍വതീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി രാം വിലാസ് പാസ്വാന്‍ ചൂണ്ടിക്കാട്ടി.
ദലിതുകള്‍ ദുരവസ്ഥ നേരിടുന്നുണ്ടെങ്കില്‍ 50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസാണ് മുഖ്യ ഉത്തരവാദിയെന്ന് മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ദലിതുകളേക്കാള്‍ കൂടുതല്‍ ഗോരക്ഷകരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് മുസ്ലിംകളാണെന്നും ദലിതുകളെ പേരെടുത്ത് പറഞ്ഞ പ്രധാനമന്ത്രി മുസ്‌ലിംകളെക്കുറിച്ച് മിണ്ടാതിരുന്നത് അദ്ദേഹത്തിന്റെ മനോനില തുറന്നുകാട്ടിയെന്ന് അസദുദ്ദീന്‍ ഉവൈസി ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ക്കിരയാകുന്ന ദലിതുകള്‍ക്ക് പരാതിയുമായി പോലിസ് സ്‌റ്റേഷനില്‍ പോകാന്‍ പോലും സാധ്യമല്ലാത്ത സാഹചര്യമാണ് രാജ്യത്തെന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച സി.പി.എമ്മിലെ പി.കെ ബിജു ചൂണ്ടിക്കാട്ടി.
പശു ചത്താല്‍ കുഴിച്ചിടാന്‍ ദലിതരെ വിളിച്ചുകൊണ്ടുപോകുന്നവര്‍ പശുവിനെ കൊന്നുവെന്ന് പറഞ്ഞ് ദലിതരെ കെട്ടിയിട്ട് തല്ലുമ്പോള്‍ കേന്ദ്രം നോക്കി നില്‍ക്കുകയാണെന്നും ബിജു കുറ്റപ്പെടുത്തി.
ദലിത് വിഭാഗങ്ങള്‍ക്കെതിരായ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് കാരണം കേന്ദ്ര ഗവണ്‍മെന്റിന്റെയും, പ്രധനമന്ത്രിയുടെയും നിഷ്‌ക്രിയ മനോഭത്തിന്റെ ഫലമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. പറഞ്ഞു.
രോഹിത് വെമുല സംഭവവും ദാദ്രി സംഭവവും ഉണ്ടായ പശ്ചാത്തലത്തില്‍ അതിനെ ശക്തമായി അപലപിച്ചിരുന്നെങ്കില്‍ യു.പി യില്‍ ദലിതര്‍ക്കെതിരായ അതിക്രമം ഉണ്ടാകുമായിരുന്നില്ല.
ദലിത് ന്യൂനപക്ഷ സംരക്ഷണത്തെക്കാള്‍ ഗോസംരക്ഷണത്തിന് പ്രധാന്യം നല്കുന്ന സര്‍ക്കാര്‍ നയമാണ് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."