കണ്‍സ്യൂമര്‍ഫെഡില്‍ പ്രതിസന്ധി രൂക്ഷം: നന്മ സ്റ്റോറുകള്‍ നിര്‍ത്തലാക്കുമെന്ന് എം.ഡി
കൊച്ചി: കണ്‍സ്യൂമര്‍ഫെഡില്‍ പ്രതിസന്ധി രൂക്ഷമാണെന്നും സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുള്ള നന്മ സ്റ്റോറുകള്‍ നിര്‍ത്തലാക്കുമെന്നും മാനേജിങ് ഡയറക്ടര്‍ ഡോ. എം.രാമനുണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
750ലേറെ വരുന്ന നന്മ സ്‌റ്റോറുകള്‍ എല്ലാം നഷ്ടത്തിലാണ്. പ്രതിമാസം 5000 രൂപയില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന ഒരു സ്റ്റോറുപോലും ഇതിലില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സഹകരണ സ്ഥാപനങ്ങളോ നന്മ സ്‌റ്റോറുകള്‍ ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവസരം ഒരുക്കും.
നിലവില്‍ 60ഓളം സ്‌റ്റോറുകള്‍ ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ ധാരണയായിട്ടുണ്ട്. 500 രൂപയില്‍ താഴെ മാത്രം വ്യാപാരം നടക്കുന്ന നന്മ സ്‌റ്റോറുകളില്‍ പോലും രണ്ടും മൂന്നും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്.
ഇവരുടെ ശമ്പളം, വൈദ്യുതിബില്‍, യാത്രാപ്പടി ഇനങ്ങളില്‍ പ്രതിമാസം 17,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നു പരിശോധനയില്‍ വ്യക്തമായെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയും പലിശയും കൂടാതെ സര്‍ക്കാരില്‍ നിന്നും എന്‍.സി.ഡി.സി എന്നിവയില്‍ നിന്നും എടുത്ത വായ്പയും ഉള്‍പ്പെടെ 743 കോടി രൂപ തിരിച്ചടക്കണം. ഇതുകൂടാതെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും നന്മ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 232.58 കോടി രൂപ കൊടുത്തുതീര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞകാലങ്ങളിലെ സഞ്ചിതനഷ്ടം ഏതാണ്ട് 418 കോടി രൂപ വരും.
സൂക്ഷ്മതക്കുറവിന്റെ ഫലമായി വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ വില്‍ക്കാതെ കേടുപാടുകള്‍ സംഭവിച്ച് വിവിധ ഗോഡൗണുകളില്‍ അഞ്ച് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവുകളിലൂടെയല്ലാതെ അനാവശ്യമായി ജീവനക്കാരെ നിയോഗിച്ചതും കടുത്ത സാമ്പത്തികബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്. മൊബൈല്‍ ത്രിവേണിവാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതിലും ധൂര്‍ത്ത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 140ല്‍ 60 എണ്ണവും കട്ടപ്പുറത്താണ്.
60 ലക്ഷത്തിലധികം തുക ഗോഡൗണുകളുടെ വാടകയിനത്തില്‍ പ്രതിമാസം നല്‍കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.മെഹ്ബൂബ്, പി.എം.ഇസ്മായില്‍, കെ.വി.കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."