ഗതാഗത പരിഷ്‌കരണവും പാളി; പെരിന്തല്‍മണ്ണ കുരുക്കില്‍തന്നെ
പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പാളി. ട്രാഫിക് കുരുക്കിന് പരിഹാരമെന്ന ലക്ഷ്യത്തോടെ നഗരസഭ ഗതാഗത പരിഷ്‌കരണ സമിതി നടപ്പാക്കുന്ന നാലുഘട്ടങ്ങളായുള്ള ക്രമീകരണ നടപടിയുടെ ആദ്യഘട്ടം 15മുതല്‍ ആരംഭിച്ചിരുന്നു. ഗതാതഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയ വാഹനയാത്രക്കാര്‍ക്ക് അത് തുടക്കത്തില്‍ ആശ്വാസമായിരുന്നെങ്കിലും പരിഷ്‌കരണം പിന്നീട് വഴിപാടായി മാറിയതോടെ കുരുക്ക് വീണ്ടും മുറുകുകയായിരുന്നു. ഓണം-ബലിപെരുന്നാള്‍ സംബന്ധിച്ച തിരക്കും പൊട്ടിപ്പൊളിഞ്ഞ റോഡുകളും അനധികൃത പാര്‍ക്കിങ്ങുമൊക്കെയായതോടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണിപ്പോള്‍.
ആറുമാസത്തിനുള്ളില്‍ നാലുഘട്ടങ്ങളിലായുള്ള ക്രമീകരണത്തിലൂടെ ട്രാഫിക് കുരുക്കിന് സമ്പൂര്‍ണ പരിഹാരമെന്നതായിരുന്നു പരിഷ്‌കരണ സമിതിയുടെ ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ മനഴി ബസ്സ്റ്റാന്‍ഡും ബൈപാസ് ബസ്സ്റ്റാന്‍ഡും സജീവമാക്കുന്നതിനായിരുന്നു മുന്‍ഗണ നല്‍കിയിരുന്നത്. ബസുകള്‍ രണ്ടു സ്റ്റാന്‍ഡുകളിലും നിര്‍ബന്ധമായും കയറി പൊലിസ് എയ്ഡ്‌പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, രൂക്ഷമായ കുരുക്കിനെ മറികടന്ന് സ്റ്റാന്‍ഡുകളില്‍ കയറാന്‍ ശ്രമിക്കുന്ന ബസുകള്‍ക്ക് സമയക്കുറവുമൂലം പലപ്പോഴും സര്‍വിസുകള്‍ വെട്ടികുറക്കേണ്ട അവസ്ഥയാണ്. ചില സ്വകാര്യ ബസുകള്‍ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വിസ് ഒഴിവാക്കുകയും ചെയ്യുന്നത് യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള വന്‍കുരുക്കില്‍ ചില ദിവസങ്ങളില്‍ 70 ശതമാനത്തോളം സ്വകാര്യ ബസുടമകള്‍ക്കും സമയനഷ്ടം മൂലം ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കാനേ കഴിയാറില്ല. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കുരുക്കില്‍ നട്ടം തിരിയുന്ന സ്വകാര്യ ബസുകള്‍ക്ക് പെരിന്തല്‍മണ്ണ ടൗണിലെത്താന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ നിവേദനവും സമര്‍പ്പിച്ചിരുന്നു. നിലവിലെ ഈ സാഹചര്യങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കയറിയിറങ്ങണമെന്ന ട്രാഫിക് പരിഷ്‌കരണ നിര്‍ദേശത്തോട് ബസ് ജീവനക്കാരും കൈമലര്‍ത്തുകയാണ്.
അതേസമയം നാലുഘട്ടങ്ങളിലായുള്ള പരിഷ്‌കരണത്തിന്റെ അടുത്തഘട്ടം ദിവസങ്ങള്‍ക്കകം നടപ്പാക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി ബസ് ഓണേഴ്‌സ്, തൊഴിലാളികള്‍, പൊലിസ്, എന്നിവരുമായി ഗതാഗത പരിഷ്‌കരണ സമിതി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആദ്യഘട്ടം വേണ്ടത്ര ഫലപ്രദമായില്ലെങ്കിലും ആറുമാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായുള്ള പരിഷ്‌കരണത്തിലൂടെ ഗതാഗതക്കുരുക്കിന് കുറെയേറെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."