നിലമ്പൂര്‍ ജില്ലാ ആശുപത്രി; റഫര്‍ ചെയ്യാനായി മാത്രം ഒരു ആതുരാലയം
നിലമ്പൂര്‍: ജില്ലാ ആശുപത്രി വെറും റഫര്‍ സെന്ററായി മാറുന്നതായി ആക്ഷേപം. രാത്രി കാലത്തെത്തുന്ന ഹൃദ്രോഗികള്‍ക്കടക്കം വേണ്ടത്ര ചികിത്സ ലഭിക്കാതെ മരണം സംഭവിക്കുന്നത് പതിവായതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുവരുന്നുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന എച്ച്.എം.സി യോഗം മാറ്റിവച്ചിരിക്കുകയാണ്. അടുത്ത എച്ച്.എം.സി യോഗം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന.
സാധാരണക്കാരെയാണ് അധികൃതര്‍ അവഗണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അത്യാഹിത വിഭാഗത്തില്‍ രാത്രി രണ്ടുഡോക്ടര്‍മാരുടെ സേവനം വേണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. താലൂക്ക് ആശുപത്രി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ജില്ലാ പഞ്ചായത്ത് ഡോക്ടര്‍മാരുടെ നിയമനങ്ങള്‍ക്കോ, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ സംവിധാനങ്ങള്‍ ഒരുക്കുന്നില്ല.
അതേസമയം താലൂക്ക് ആശുപത്രിയായിരുന്ന സമയത്ത് മുനിസിപ്പാലിറ്റിയും, ബ്ലോക്ക് പഞ്ചായത്തും ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ഉച്ചക്ക് ഒരു മണി മുതല്‍ രാവിലെ എട്ടുവരെ ഒരു ഡോക്ടറുടെ സേവനം മാത്രമെ അത്യാഹിത വിഭാഗത്തില്‍ ലഭിക്കുന്നുള്ളു. ഇവിടെ അടിയന്തര ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് വേണ്ട വിധത്തില്‍ ചികിത്സ കിട്ടുന്നതിനു ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ക്യൂവില്‍ നില്‍ക്കുന്നവരെ ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാറില്ല.
രോഗിയെ ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറോളം ഡോക്ടറെ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ എം.എ റസാഖ്, റിട്ട. എസ്.ഐയും സിപിഐ നേതാവുമായ ഭരതന്‍ എന്നിവര്‍ക്ക് രാത്രി യഥാസമയം ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഒഴിവുകള്‍ നികത്താതെയും ഓണ്‍ കാള്‍ ഫിസിഷ്യന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയു ചെയ്യാതെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ റഫര്‍ ചെയ്യുകയാണ് പതിവ്.
ഒന്നില്‍ കൂടുതല്‍ സ്‌പെഷലിസ്റ്റുകളുള്ള വിഭാഗങളില്‍ 24 മണിക്കൂറും ഡ്യൂട്ടി ഡോക്ടര്‍ വിളിക്കുമ്പോള്‍ വരണമെന്ന (ഓണ്‍ കാള്‍ സേവനം) സര്‍ക്കാര്‍ ഉത്തരവ് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. എല്ലാ ആശുപത്രിയിലും നടപ്പാക്കിയിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് രാത്രിയും പകലും സേവനം ഉറപ്പാക്കുന്ന കോള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ശ്രമിച്ച ആശുപത്രി സൂപ്രണ്ട് ഡോ. സീമാമുവിനെ പുകച്ചു പുറത്ത് ചാടിച്ചതില്‍ കൂടൂതല്‍ പങ്കും ജില്ലാ പഞ്ചായത്തിനാണ്. ജില്ലാ ആശുപത്രി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് കണ്ടാണ് രാത്രി പലരും അടിയന്തര ചികിത്സ തേടി ഇവിടെയെത്തുന്നത്. എന്നാല്‍ ഫലമാവട്ടെ കാര്യമായ ചികിത്സ നല്‍കാതെ വിലപ്പെട്ട മിനിറ്റുകള്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ ശേഷം പിന്നീട് റഫര്‍ ചെയ്യുകയാണ് പതിവ്.
മിനിറ്റുകള്‍ക്കും സെക്കന്റുകള്‍ക്കും വരെ വില കല്‍പ്പിക്കുന്നഅടിയന്തിര ഘട്ടങ്ങളില്‍ പെരിന്തല്‍മണ്ണയിലേക്കും, കോഴിക്കോട്ടേക്കും രോഗികളെ രാത്രി കൊണ്ടു പോകുമ്പോള്‍ മരണം സംഭവിക്കുന്നത് പതിവാണ്. ജില്ലാ ആശുപത്രിയില്‍ ഹൃദയാഘാതവുമായി രാത്രി എത്തുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഫിസിഷ്യന്റെ സേവനം രാത്രി ലഭിക്കാതിരിക്കുന്നത്.
മൂന്നുഫിസിഷ്യന്‍മാരുണ്ടായിട്ടു കൂടി രാത്രി ഒരു ഫിസിഷ്യന്റെ സേവനം പോലും അത്യാഹിതവിഭാഗത്തില്‍ ഉണ്ടാവാറില്ല. ആശുപത്രിയിലെ ഓര്‍ത്തോ, ഇ.എന്‍.ടി, കുട്ടികളുടെ വിഭാഗം, നേത്ര വിഭാഗം എന്നിവയിലാണിപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുളളത്. ഇവരുടെ സേവനം നിര്‍ബന്ധമായും 24 മണിക്കൂര്‍ ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിലവില്‍ ഗൈനക്കോളജി വിഭാഗത്തില്‍ മാത്രമാണ് 24 മണിക്കൂര്‍ ഓണ്‍ കോള്‍ സേവനം ലഭിക്കുന്നുള്ള. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഒരു കാര്‍ഡിയാക് ഐ.സി.യു (5 ബെഡ്, കാര്‍ഡിയാക് മോണിറ്റര്‍, ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍) കഴിഞ്ഞ അഞ്ചു വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ പൂട്ടി കിടക്കുകയാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ പ്രാഥമിക ചികിത്സ പോലും കൊടുക്കാതെ റഫര്‍ ചെയ്യുകയാണിവിടെ പതിവ്. അസ്ഥിരോഗ വിദഗ്ധനും, കുട്ടികളുടെ സ്‌പെഷലിസ്റ്റ് തുടങ്ങിയവരാണ് അധികവും അത്യാഹിത വിഭാഗത്തില്‍ രാത്രി ഡ്യൂട്ടിയിലുള്ളത്.
ഹൃദയാഘാതം മൂലം രാത്രി അടിയന്തര ചികിത്സ തേടി ജില്ലാ ആശുപത്രിയില്‍ എത്തുന്നവരെ പ്രാഥമിക ചികിത്സ പോലും നല്‍കാതെ റഫര്‍ ചെയ്യുന്നത് പതിവു കാഴ്ചയാണ്. ഒരു ഫിസിഷ്യന്‍ നിര്‍ബന്ധമായും രാത്രി അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരിക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല.
നിര്‍ധന രോഗികള്‍ക്ക് ജില്ലാ ആശുപത്രിയിലെ കാരുണ്യഫാര്‍മസിയില്‍ പാരസെറ്റാമോള്‍പോലും ലഭ്യമല്ലെന്നതാണ് വസ്തുത. ആശുപത്രി എച്ച്.എം.സി അംഗമായ ബിനോയ് പാട്ടത്തില്‍ നിരാഹാര സമരവുമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."