വിവാദ ഓഡിറ്റോറിയത്തിന് കെട്ടിട നമ്പര്‍ നല്‍കിയ സംഭവം: പ്രതിഷേധം ശക്തം
തിരൂരങ്ങാടി: ചെമ്മാട് മാനിപ്പാടത്ത് വയല്‍നികത്തി നിര്‍മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ കെട്ടിടനമ്പര്‍ നല്‍കിയത് വീണ്ടും വിവാദമായി. നിര്‍മാണം പൂര്‍ത്തിയായ ഓഡിറ്റോറിയത്തിന് നമ്പര്‍ ആവശ്യപ്പെട്ട് കെട്ടിടഉടമകള്‍ മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭയെ സമീപിച്ചെങ്കിലും അഗ്നിശമന സംവിധാനത്തിന്റെ അപര്യാപ്തത മൂലം നിരസിക്കുകയായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് നഗരസഭ നമ്പര്‍ നല്‍കിയത്. ഇതോടെ നമ്പര്‍ നല്‍കിയ നടപടിക്കെതിരേ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്‌വന്നു. സി.പി.എം അനുഭാവിയുടെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം നിര്‍മാണം തുടക്കത്തില്‍ത്തന്നെ ഏറെ പ്രതിഷേധങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു.
അനുവദിക്കപ്പെട്ടതിലും കൂടുതല്‍ സ്ഥലം വയല്‍നികത്തി കെട്ടിടം നിര്‍മിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയിരുന്നത്. 70 സെന്റ് മാത്രം വയല്‍ നികത്താനുള്ള അംഗീകാരത്തിന്റെ മറവില്‍ ഒന്നര ഏക്കറോളം സ്ഥലം നികത്തിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ഇതിനെതരേ സി.പി.ഐ, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. കെട്ടിടത്തിന് നമ്പര്‍ നല്‍കാനുള്ള നഗരസഭാ സെക്രട്ടറിയുടെ നീക്കത്തിനെതിരേ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈയിടെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് ഓഡിറ്റോറിയം നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായി കണ്ടെത്തി. കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിനെതിരേ ആര്‍.ഡി.ഒ അടക്കമുള്ള റവന്യു അധികാരികളും രംഗത്തുവന്നിരുന്നു. കെട്ടിടത്തിന് നമ്പര്‍ നല്‍കിയ നഗരസഭാ സെക്രട്ടറിയുടെ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി യു.കെ മുസ്തഫ മാസ്റ്റര്‍ പറഞ്ഞു.
എ.ഐ.വൈ.എഫ് പള്ളിപ്പടി, ചെമ്മാട് യൂനിറ്റ് ഇന്നലെ മുനിസിപ്പല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അതേസമയം നമ്പര്‍ നല്‍കിയത് നിയമാനുസൃതമാണെന്ന് നഗരസഭാ സെക്രട്ടറി എസ്. ജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."