ഇരുട്ടു മൂടിയാല്‍ വെളിച്ചമില്ല
കണ്ണൂര്‍: ദേശീയപാതയിലെ വളപട്ടണം പാലത്തില്‍ രാത്രിയാത്ര ദുസഹമാകുന്നു. വാഹനങ്ങള്‍ക്ക് പാലത്തിന്റെ അരികു പോലും കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. സിഗ്നല്‍ സംവിധാനവും ഫ്‌ളൂറസെന്റ് സംവിധാനങ്ങളും പാലത്തില്‍ പേരിനു പോലുമില്ല. കനത്ത മഴയില്‍ ഡ്രൈവര്‍മാര്‍ ഭാഗ്യംകൊണ്ടു മാത്രമാണ് വാഹനങ്ങളുമായി പാലം കടക്കുന്നത്.
പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് തെരുവു വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. 15ഓളം വിളക്കുകളുണ്ടെങ്കിലും ഇവയൊന്നും മാസങ്ങളായി കണ്ണുതുറന്നിട്ടില്ല. റിഫ്‌ളക്ടറുകളോ മറ്റും ഘടിപ്പിക്കാതെ വര്‍ഷങ്ങളായി പാലത്തിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. നിരന്തരം കുഴികള്‍ രൂപപ്പെടുന്ന പാലത്തിനു മുകളില്‍ ഭാരം കയറ്റിയ ലോറി ഉള്‍പ്പെടെ കുരുക്കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതോടെ പാലം അപകടത്തിലാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതു കണക്കിലെടുത്ത് ഒരു വര്‍ഷത്തിനു മുമ്പ് പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു.
ആലുവയിലുള്ള പത്മജ സ്‌പെഷാലിറ്റീസ് ഗ്രൂപ്പാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി ഇന്നും തുടരുന്നതിനാല്‍ തെരുവു വിളക്കുകള്‍ പൂര്‍ണമായും അഴിച്ചുവച്ചിരിക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ വിളക്കുകള്‍ കത്തിയിരുന്നെങ്കിലും അറ്റകുറ്റപ്പണി തുടരുന്നതോടെ വിളക്കു തൂണുകള്‍ പലതും പാലത്തിന്റെ കൈവേരിയില്‍ താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും നിര്‍ബാധം തുടരുകയാണ്. കച്ചവട സ്ഥാപനങ്ങളിലെയും വീട്ടുമാലിന്യങ്ങളും പ്ലാസ്റ്റിക് കവറില്‍ കെട്ടിയാണ് ദേശീയപാതയോരത്ത് വലിച്ചെറിയുന്നത്. പാപ്പിനിശ്ശേരി റോഡില്‍ ഇതോടെ മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."