ലാന്‍ഡ് പൂളിങ്; ആന്ധ്രാ തലസ്ഥാനത്തിനായി 60 ദിവസത്തില്‍ ഏറ്റെടുത്തത് 34,000 ഏക്കര്‍
തിരുവനന്തപുരം: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണത്തിന് 60 ദിവസം കൊണ്ട് 34,000 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിന്റെ വിജയകഥയുമായി കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാറില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി. സ്ഥലമേറ്റെടുപ്പിന്റെ പ്രശ്‌നങ്ങള്‍ മൂലം രാജ്യത്തെമ്പാടും പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാതെ വരുമ്പോള്‍ ആന്ധ്രയുടെ വിജയപാഠം ആര്‍ക്കും അനുകരിക്കാവുന്ന മികച്ച മാതൃകയാണെന്ന് ആന്ധ്ര ഹൗസിങ് കോര്‍പറേഷന്‍ എം.ഡിയും ഗുണ്ടൂര്‍ ജില്ല മുന്‍ കലക്ടറുമായ കാന്തിലാല്‍ ദന്തേ ചൂണ്ടിക്കാട്ടി.
അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ധനസമാഹരണത്തിനുമുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്), പൊതു അടിസ്ഥാന സൗകര്യവികസന സാമ്പത്തിക നിക്ഷേപ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് കാന്തിലാല്‍ ദന്തേ സ്ഥലമേറ്റെടുക്കലില്‍ ആന്ധ്രയുടെ വിജയകരമായ 'ലാന്‍ഡ് പൂളിങ'് മാതൃക പരിചയപ്പെടുത്തിയത്.
ലാന്‍ഡ് പൂളിങ് എന്ന നൂതനരീതിയിലൂടെ ആവിഷ്‌കരിച്ച സ്ഥലമേറ്റെടുപ്പ് പദ്ധതിയുടെ വിജയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ഇച്ഛാശക്തിയുടെയും ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും കര്‍ഷകര്‍ സര്‍ക്കാരിനോടു കാട്ടിയ വിശ്വാസ്യതയുടെയും ഫലമാണ്.സ്ഥലമേറ്റെടുപ്പിനായി ഉടനടി പണം മുടക്കാനില്ലാത്ത നിസഹായാവസ്ഥയിലായിരുന്നു പുതിയ സംസ്ഥാനം. സര്‍വ പ്രതിസന്ധികളും മറികടക്കാന്‍ മാതൃകാപരമായ ലാന്‍ഡ് പൂളിങ് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാന്‍ഡ് പൂളിങ് പദ്ധതിയുടെ കാതല്‍, കര്‍ഷകര്‍ സ്വമേധയാ, തലസ്ഥാന നഗര നിര്‍മാണത്തിനായുള്ള ലാന്‍ഡ് പൂളിലേക്കു കൃഷിഭൂമി സംഭാവന ചെയ്യുകയെന്നതാണ്. വിജയവാഡ, ഗുണ്ടൂര്‍ ജില്ലകളിലെ 29 ഗ്രാമങ്ങളില്‍നിന്നായി 35,000 ഏക്കര്‍ സ്ഥലമാണ് തലസ്ഥാന നഗരനിര്‍മാണത്തിന് ആവശ്യമായിരുന്നത്. കൃഷിഭൂമി സംഭാവന ചെയ്യുന്നവര്‍ക്ക് കച്ചവട സ്ഥലവും നഷ്ട പരിഹാരമായി പത്തുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 30,000 രൂപ മുതല്‍ 50,000 രൂപ വരെ നഷ്ടപരിഹാരമായി നല്‍കുമെന്നും തീരുമാനിച്ചു. ഇത്തരം വാഗ്ദാനങ്ങള്‍ വന്നതോടെ കര്‍ഷകര്‍ ഏറിയ പങ്കും തങ്ങളുടെ സ്ഥലം നല്‍കാന്‍ തയാറായി സ്വയം മുന്നോട്ടു വരികയായിരുന്നു. റീസര്‍വേ, റജിസ്‌ട്രേഷന്‍ നടപടികള്‍ വേഗം പൂര്‍ത്തീകരിച്ചതിലൂടെ, സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാനായത് ലാന്‍ഡ് പൂളിങ്ങിന് ശക്തിപകര്‍ന്നു. നഗരനിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 35 ലക്ഷം ജനസംഖ്യയുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും ദന്തേ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വന്‍കിട പദ്ധതികളിലൊന്നായ ഡല്‍ഹി, മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ നിര്‍മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന്റെ അനുഭവം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പി.കെ. അഗര്‍വാള്‍ സെമിനാറില്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."