രാമന്റെ അമ്പുകള്‍ ഐ.എസ്.ആര്‍.ഒ മിസൈലുകള്‍ പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്‍: ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന മിസൈലുകളെയും ശ്രീരാമന്റെ അമ്പുകളെയും താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രാമന്റെ ഓരോ അമ്പും മിസൈലുകള്‍ ആയിരുന്നെന്നും 2017ല്‍ ഐ എസ് ആര്‍ ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അന്ന് രാമന്‍ ചെയ്തിരുന്നെന്നും ആര്‍.എസ്.എസ് പ്രചാരകനായിരുന്ന രൂപാണി അഭിപ്രായപ്പെട്ടു..
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ( ഐ ഐ ടി ആര്‍ എ എം) വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ഹിലായിരുന്നു മിത്തോളജിയെ യാഥാര്‍ഥ്യമാക്കി മാറ്‌റുന്ന രീതിയിലുള്ള രൂപാനിയുടെ അഭിപ്രായപ്രകടനം. ഐ.എസ്.ആര്‍ ഒ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്രയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ശ്രീലങ്കയെയും ഇന്ത്യേയും തമ്മില്‍ ബന്ധപ്പെടുത്തുന്ന സേതുപാലത്തിന്റെ നിര്‍മിച്ചതിനു പിന്നില്‍ രാമന്റെ കൈകളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഭഗവാന്‍ രാമന്‍ ഏത് തരം എഞ്ചിനീയറിങ്ങ് ഉപയോഗിച്ചായിരിക്കും ശ്രീലങ്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന രാമസേതു നിര്‍മ്മിച്ചതെന്ന് ഊഹിച്ചുനോക്കൂ. ആ പാലം പണിയാന്‍ അണ്ണാന്മാര്‍ വരെ സഹായിച്ചു. രാമസേതുവിന്റെ തുണ്ട് ഇന്നും കടലിലുണ്ടെന്ന് ആളുകള്‍ പറയുന്നു. രാമസേതു രാമന്റെ സങ്കല്‍പമായിരുന്നു, എഞ്ചിനീയര്‍മാര്‍ താത്കാലിക പാലം നിര്‍മ്മിച്ചു'രൂപാണി പറയുന്നു
വിദ്യാര്‍ഥികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ രൂപാണിയുടെ പ്രസംഗം കത്തിക്കയറി. രാമരാവണയുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായതിനെ കുറിച്ചും രൂപാനി പ്രസംഗത്തില്‍ സൂചിപ്പിച്ചു. വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന് അറിഞ്ഞതിനു കാരണം അന്നത്തെ ഗവേഷണമായിരുന്നു.
ഏത് ഔഷധമാണെന്ന് അറിയാത്തതിനാല്‍ മുഴുവന്‍ മലയും എടുത്തുകൊണ്ടുവന്നു. ഒരു മല മുഴുവനുമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ച സാങ്കേതികവിദ്യ അന്ന് നിലവിലുണ്ടായിരുന്നെന്നും രൂപാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തെ കുറിച്ചു പരാമര്‍ശിക്കുന്ന കഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഗ്രീവനും ഹനുമാനും ഉള്‍പ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യല്‍ എന്‍ജീനിയറിങ് ആണെന്നും വിജയ് രൂപാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."