പശു മോഷ്ടാക്കളെന്നാരോപിച്ച് ബംഗാളില്‍ രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു
കൊല്‍ക്കത്ത: പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തുന്ന അരുംകൊലകള്‍ അവസാനിക്കുന്നില്ല. പശ്ചിമബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.
അസം സ്വദേശി ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന് എന്നിവരാണ് കൊല്ലപ്പെട്ടത്.
ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. യുവാക്കള്‍ പിക്കപ്പ് വാനില്‍ പശുക്കളുമായി യാത്ര ചെയ്യുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വാന്‍ തടയുകയായിരുന്നു. എന്നാല്‍ നിര്‍ത്താതെ യാത്ര തുടര്‍ന്ന ഇവരെ പിന്തുടര്ന്നെത്തിയ സംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൂട്ട മര്‍ദനം.
എന്നാല്‍ യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചതിന് തെളിവില്ലെന്ന് പൊലിസ് പറഞ്ഞു. വാനില്‍ ഏഴു പശുക്കള്‍ ഉണ്ടായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ബാക്കി രണ്ടു യുവാക്കളെയാണ് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."