ഗുര്‍മീത് സിങ്ങിനെ കുടുക്കിയത് കാസര്‍കോട്ടുകാരനായ സി.ബി.ഐ ഉദ്യോഗസ്ഥന്‍
കാസര്‍കോട്: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് സിങ്ങിനെ കുടുക്കിയതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് കാസര്‍കോട്ടുകാരനായ സി.ബി.ഐ ഉദ്യോഗസ്ഥന്‍. ഉപ്പള മുളിഞ്ച സ്വദേശിയായ നാരായണനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
എസ്.ഐ റാങ്കിലാണ് ഇദ്ദേഹം സി.ബി.ഐയില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജോയിന്റ് ഡയറക്ടര്‍ പദവി വരെയെത്തിയാണ് സര്‍വിസില്‍നിന്ന് വിരമിച്ചത്. തന്റെ സര്‍വിസ് കാലത്തു ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസാണ് ഗുര്‍മീത് സിങ്ങിനെതിരേയുള്ള അന്വേഷണമെന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ നാരായണന്‍ പറയുന്നത്.
2002 സെപ്റ്റംബറിലാണ് സിങ്ങിനെതിരേയുള്ള ബലാത്സംഗ കേസ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്. സിങ്ങിന്റെ പണത്തിനും പ്രതാപത്തിനും മുന്നില്‍ ആദ്യത്തെ അഞ്ചുവര്‍ഷക്കാലം ഒന്നും സംഭവിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പേടിയും ആള്‍ദൈവത്തിന് വേണ്ടിയുള്ള ഉന്നതതല ഇടപെടലുകളുമായിരുന്നു ഇതിന് കാരണം. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടതോടെ 2002 ഡിസംബര്‍ 12ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസന്വേഷണം നാരായണന്റെ ചുമതലയില്‍ എത്തുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളും ആള്‍ദൈവത്തിന്റെ ഭീഷണിയും ഉണ്ടായെങ്കിലും നാരായണനെന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ തന്റെ ദൗത്യത്തില്‍നിന്ന് പിന്മാറിയില്ല.
അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന്റെ ബലത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയ നാരായണന്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പരാതിക്കാരിയായ മുന്‍ ആശ്രമവാസിയെ കണ്ടെത്തുകയും ചെയ്തു. അപ്പോഴേക്കും ആശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട പരാതിക്കാരിയായ യുവതി കുടുംബ ജീവിതം തുടങ്ങിയിരുന്നു. ഒരച്ഛന്റെ സ്ഥാനത്ത്‌നിന്നു അദ്ദേഹം യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുകയും ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മൊഴിയെടുപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിങ്ങിനെ ചോദ്യംചെയ്യുകയും ചെയ്തു. 38 വര്‍ഷമാണ് നാരായണന്‍ സി.ബി.ഐയില്‍ സേവനം അനുഷ്ഠിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, ഖാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങിയ കേസന്വേഷണത്തിലും സി.ബി.ഐ സംഘത്തില്‍ അംഗമായിരുന്നു നാരായണന്‍. 2009ല്‍ സര്‍വിസില്‍നിന്ന് വിരമിച്ച അദ്ദേഹത്തെ അതേവര്‍ഷം തന്നെ സി.ബി.ഐയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. 1992ല്‍ മികച്ച സേവനത്തിനുള്ള പൊലിസ് മെഡല്‍, 1999ല്‍ രാഷ്ട്രപതിയുടെ പൊലിസ് മെഡല്‍ എന്നിവ ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."