ഡ്രഗ്‌സ് കണ്‍ട്രോളര്‍ തസ്തിക; വിജിലന്‍സ് കേസുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ നിര്‍ദേശംതള്ളി വിജിലന്‍സ് കേസുള്ള ഉദ്യോഗസ്ഥനെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തസ്തികയില്‍ നിയമിക്കാന്‍ നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസും ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമാണ് നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.
നിലവില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന രവി എസ്. മേനോന് നിയമനം നല്‍കാനുള്ള നീക്കമാണ് വിവാദത്തിലായത്. എം.ആര്‍ പ്രദീപിനെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആക്കണമെന്ന ആരോഗ്യമന്ത്രിയുടെ തീരുമാനം തള്ളി മുഖ്യമന്ത്രിയുടെ ഓഫിസാണ് വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്ത രവി എസ്. മേനോനെ നിയമിക്കാനുള്ള നീക്കം നടത്തുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയമനത്തിന് മൂന്നുപേരെയാണ് പരിഗണിച്ചത്. രവി എസ്. മേനോന് പുറമേ എം.ആര്‍ പ്രദീപിനെയും മോളിക്കുട്ടിയെയുമായിരുന്നു പരിഗണിച്ചത്. രവി എസ്. മേനോന്‍ ഒഴികെ രണ്ടുപേര്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. കേസുള്ളതിനാല്‍ രവി എസ്. മേനോന് വിജിലന്‍സ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി മുന്‍കൈയെടുത്ത് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയാറാക്കി നിയമനത്തിനുള്ള നീക്കം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി സെക്രട്ടറി ജയിംസ് രാജിനെ അന്വേഷണത്തിനായി നിയോഗിച്ച് രവി എസ്. മേനോന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കി. ഇതിന്റെ മറപിടിച്ച് ഡ്രഗ്‌സ് കണ്‍ട്രോളറായി നിമിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നീട് ഫയല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് കൈമാറി. എന്നാല്‍, എം.ആര്‍ പ്രദീപിനെ പുതിയ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിക്കണമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം അടങ്ങിയ ഫയല്‍ കഴിഞ്ഞ ആറിന് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. എന്നാല്‍, ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിയമനത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. രവി എസ്. മേനോന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് തടസമായി നില്‍ക്കുന്നതിനാല്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാനാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."