കോടതി വിധിക്കുശേഷം ആദ്യമായി പിണറായി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തി
തലശ്ശേരി: ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയതിനുശേഷം ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെത്തി. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലുള്‍പ്പെട്ട സ്ഥാപനമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍.
കെ.കെ രാഗേഷ് എം.പിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് സ്ഥാപിച്ച ജെനറ്റിക് ലാബോറട്ടറി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്. തിരുവനന്തപുരം ആര്‍.സി.സിയിലെ ഡോ.കൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരമാണ് മലബാറില്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കണമെന്ന ആലോചനയുണ്ടായതെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രഥമ ആലോചന കോഴിക്കോട്ട് നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഈ ഘട്ടത്തിലാണ് 1996ലെ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ താന്‍ വൈദ്യുതി മന്ത്രിയായത്.
കാനഡയിലെ ഒരു കമ്പനി മലബാറില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുകയാണെങ്കില്‍ സഹായിക്കാന്‍ തയാറാണെന്നും അക്കാലയളവില്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് കാന്‍സര്‍ സെന്ററിനായി സ്ഥലം കണ്ടെത്തിയത്. കാന്‍സര്‍ സെന്ററില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരുണ്ടെങ്കില്‍ ഇറങ്ങിപ്പോവണം. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചികിത്സാരംഗത്ത് വലിയ സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. ഇനിയും വളരേണ്ടതുണ്ട്. ഗൗരവമുള്ള ചികിത്സക്ക് കൂടുതല്‍ പണവും മെച്ചപ്പെട്ട ഉപകരണവും ആവശ്യമുണ്ട്. സഹായിക്കാന്‍ നിരവധി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമുണ്ട്. സഹായം ഏതുഭാഗത്ത് നിന്നായാലും സ്വീകരിക്കാന്‍ തയാറാവണം.
സ്ഥാപനം വളരേണ്ടത് വരുംതലമുറക്ക് വേണ്ടിയാണ്. ഇത്തരമൊരു ബോധമുണ്ടാകാന്‍ മനസ് നന്നാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. കെ.കെ രാഗേഷ് എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഡോ.സംഗീത കെ. നായര്‍, കെ.ഇ ഗംഗാധരന്‍, എം.സി പവിത്രന്‍, ഡോ.സതീശന്‍ ബാലസുബ്രഹ്മണ്യന്‍, എ.കെ രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."