സഊദിയുടെ നിസഹകരണം: ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാനാവില്ല
ദോഹ: സഊദിയുടെ നിസഹകരണം മൂലം ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാനാവില്ല.
തീര്‍ഥാടകരുടെ യാത്രാ, സുരക്ഷ, താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു മറുപടിയും സഊദിയില്‍ നിന്ന് ഇതുവരെ ലഭിച്ചില്ലെന്ന് ഖത്തര്‍ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചാതയി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ നിന്നുള്ളവരുടെ ഹജ്ജ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ്.
ഖത്തര്‍ ഹജ്ജ് മിഷന്റെയും ഖത്തര്‍ കോണ്‍സുലേറ്റിന്റെയും സാന്നിധ്യം മക്കയിലും ജിദ്ദയിലുമില്ലാതെ സുരക്ഷിതമായി ഹജ്ജ് യാത്രയ്ക്ക് സാധിക്കില്ലെന്നതിനാല്‍ ഇത്തവണ ഹജ്ജ് യാത്ര നടത്തുന്നില്ലെന്ന് ഖത്തറിലെ വിവിധ ഹജ്ജ്, ഉംറ ഏജന്‍സികള്‍ പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.ജിദ്ദയിലേക്കും മദീനയിലേക്കും ഖത്തര്‍ എയര്‍വെയ്‌സിനു നേരിട്ട് യാത്രാ അനുമതിയില്ല.
നിലവിലെ സാഹചര്യത്തില്‍ സഊദി ബാങ്കുകളുമായി പണമിടപാട് നടത്തുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
മുസ്‌ലിംകള്‍ മതപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ നിന്ന് തടയപ്പെടുന്നതില്‍ ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഇന്റര്‍നാഷനല്‍ കോപറേഷന്‍ ഡയരക്ടര്‍ സഅദ് സുല്‍ത്താന്‍ അല്‍അബ്ദുല്ല ആശങ്ക അറിയിച്ചു.
തന്റെ ചെലവില്‍ തന്റെ അതിഥികളായി ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുവരുന്നതിന് സഊദി വിമാനങ്ങള്‍ അയക്കുമെന്ന് കഴിഞ്ഞയാഴ്ച്ച സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."