ഹാര്‍വെ വീണ്ടും ശക്തി പ്രാപിച്ചു; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും
റോക്പോര്‍ട്ട് (യു.എസ്): അമേരിക്കയില്‍ കനത്തനാശം വരുത്തിയ ഹാര്‍വെ ചുഴലിക്കാറ്റ് മധ്യ ടെക്സസില്‍ ഇന്നലെ ദുരിതം വിതച്ചു. ശക്തിയായ മഴയും കാറ്റുംമൂലം ആയിരങ്ങള്‍ ദുരിതത്തിലായി. മിക്കയിടത്തും വെള്ളപ്പൊക്കവുമുണ്ടായി. 1961 നു ശേഷം അമേരിക്കയില്‍ ആദ്യമായാണ് ഇത്രയേറെ ശക്തിയുള്ള ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഇതിനിടെ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം വേഗത കുറഞ്ഞ കാറ്റ് ഇന്നലെ വീണ്ടും ശക്തിപ്രാപിച്ചു. 215 കി.മി വേഗത്തിലാണ് ഇന്നലെ കാറ്റടിച്ചതെന്ന് നാഷനല്‍ ഹുറിക്കന്‍ സെന്ററില്‍ നിന്നറിയിച്ചു. പലയിടത്തും 50 സെ.മി മഴയാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി നാലിലേക്ക് എത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരിതബാധിത പ്രദേശത്തെത്തി. വീടിനു തീപിടിച്ചാണ് റോക്പോര്‍ട്ട് മേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഹൂസ്റ്റണിലാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത.് നിരവധി പേര്‍ക്ക് ചുഴലിക്കാറ്റില്‍ പരുക്കേറ്റു. കനത്തമഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. പതിനായിരങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് നേരത്തെ മാറ്റിപാര്‍പ്പിച്ചിരുന്നു.
ടെക്സസില്‍ കനത്തമഴയെ തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. രണ്ടു ലക്ഷത്തിലേറെ പേരുടെ വീടുകളില്‍ വൈദ്യുതി ബന്ധം തകര്‍ന്നു. ഹൂസ്റ്റണില്‍ 23 ലക്ഷം പേര് ദുരിതബാധിതരായി. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."